ഒരു കുട്ടിയുടെ അമ്മ കൂടിയായ 21 കാരിയെ ഷെയര്‍ ചാറ്റിലൂടെ ആണ് കൊല്ലം സ്വദേശിയായ നിസാമുദ്ദീൻ പരിചയപ്പെട്ടത്. ചാറ്റിങ്ങിലൂടെ സൗഹൃദം പ്രണയത്തിന് വഴിമാറി. കൊല്ലത്തുനിന്നും നിസാമുദ്ദീൻ കൊണ്ടോട്ടിയിലും എത്തി. കഴിഞ്ഞ ഫെബ്രുവരി 19ന് ആണ് ഇയാൾ കൊണ്ടോട്ടിയിൽ എത്തിയത്. ഇതിനോടകം കടുത്ത പ്രണയത്തിലായ യുവതി നിസാമുദ്ദീനൊപ്പം ഇറങ്ങി പോകുകയും ചെയ്തു. പുലര്‍ച്ചെ ബൈക്കുമായെത്തി നിസാമുദ്ദീൻ യുവതിയെ ആദ്യം എറണാകുളത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊല്ലത്തും ആലപ്പുഴയിലും കോഴിക്കോടും താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കി. ഈ സ്ഥലങ്ങളിൽ എല്ലാം ലോഡ്ജുകളില്‍ മുറിയെടുത്തായിരുന്നു പീഡനം. വിവാഹം ചെയ്യാം എന്നു വാഗ്ദാനം നൽകി ആയിരുന്നു നിസാമുദ്ദീൻ യുവതിയെ പീഡിപ്പിച്ചത്.
advertisement
യുവതിയെ കാണാതായതിനെത്തുടർന്ന് ഭർത്താവ് കൊണ്ടോട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവിനെക്കുറിച്ചു വിവരം ലഭിച്ചത്. കുടുംബം പരാതി നല്‍കിയെന്ന് വിവരം ലഭിച്ചതോടെ ഏഴാം ദിവസം യുവതിയെ കൊണ്ടോട്ടിയില്‍ ഇറക്കി വിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു.
Also Read- ഷെയർചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ഒളിവിൽ പ്രതി അറസ്റ്റിൽ
ഫാസ്റ്റ്ഫുഡ് ഷോപ്പുകളില്‍ ഷവര്‍മ പാചകം ചെയ്യുന്നതാണ് പ്രതിയുടെ ജോലി. ഇത് മനസ്സിലാക്കി അത്തരത്തിലുള്ള ഷോപ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് നിസാമുദ്ദീനെ കണ്ടെത്തിയത്. നിസാമുദ്ദീന്‍ തിരുവനന്തപുരത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യം മനസിലാക്കി രക്ഷപ്പെട്ടു. പ്രതി ഫോണ്‍ നമ്പര്‍ ഇടക്കിടെ മാറ്റുന്നതും അന്വേഷണത്തെ ബാധിച്ചു. തുടര്‍ന്ന് കാസര്‍കോട് ചെറുവത്തൂരിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോലി ചെയ്ത ഒട്ടേറെ സ്ഥാപനങ്ങളില്‍ നിന്നും പണം കടം വാങ്ങി മുങ്ങുന്നതും നിസാമുദ്ദീന്‍റെ രീതി ആണ്.
യുവതിയുടെ ആഭരണങ്ങളും യുവാവ് കൈക്കലാക്കിയിട്ടുണ്ട് . സ്വർണാഭരണങ്ങൾ പണയംവച്ച് തിരിച്ചു നൽകാതെ വഞ്ചിച്ചു എന്നും പരാതിയുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചു വരികയാണെന്നും വിവിധ സ്ത്രീകളുമായി ചാറ്റിങ് നടത്തുന്നതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇയാൾ മറ്റെവിടെയെങ്കിലും ഇതുപോലെയുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോഎന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫ്, ഇൻസ്പെക്ടർ എം.സി.പ്രമോദ്, എസ്ഐ ദിനേശ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ പമിത്ത്, രതീഷ്, മുഹമ്മദ് മുസ്തഫ തുടങ്ങിയവരുടെ സംഘമാണ് നിസാമുദ്ദീനെ കാസർഗോഡ് നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കൂടുതൽ വിവരങ്ങൾക്കു കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.