പാലായിലെ തോൽവിക്ക് കാരണം ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചതാണ് എന്നായിരുന്നു ഇതുവരെ സിപിഎം ജില്ലാ നേതാക്കൾ നൽകിയ വിശദീകരണം. സംസ്ഥാന നേതാക്കളും ഇത് ഏറ്റെടുത്തു തോൽവിക്ക് കാരണം ബിജെപിയുടെ വോട്ടുകൾ എന്ന് വരുത്തി തീർക്കാൻ ആയിരുന്നു ശ്രമിച്ചത്. എന്നാൽ ജോസ് കെ മാണി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതോടെ സിപിഎം അന്വേഷണത്തിന് നിർബന്ധിതരാവുകയായിരുന്നു.
Also Read-ലോക്ഡൗണ്‍ ലംഘനത്തിന് പിഴയിട്ടതിന് വ്യാജ ബോംബ് ഭീഷണി; ബംഗാള്‍ സ്വദേശി പിടിയില്‍
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗം രണ്ടംഗ കമ്മീഷനെ തോൽവി പഠിക്കാൻ നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാലയിലെ വിജയി മാണി സി കാപ്പൻ പ്രതികരണവുമായി രംഗത്തെത്തിയത്. പാലായിൽ ജോസ് കെ മാണി തോറ്റതിന് കാരണം സിപിഎം വോട്ടുകൾ ചോർന്നത് മൂലമല്ല എന്ന് മാണി സി കാപ്പൻ പറയുന്നു. ചോർന്നത് കേരള കോൺഗ്രസ് വോട്ടുകളാണ് എന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടത് സിപിഎം അല്ല എന്നാണ് മാണി സി കാപ്പൻ പറയുന്നത്. കേരള കോൺഗ്രസ് എം ആണ് അവരുടെ വോട്ടുകൾ ചോർന്ന കാര്യത്തിൽ അന്വേഷണം നടത്തേണ്ടത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കേരള കോൺഗ്രസ് എം വോട്ടുകൾ തനിക്ക് ലഭിച്ചതായി മാണി സി കാപ്പൻ അവകാശപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആണ് മാണി സി കാപ്പൻ പ്രതികരണം നടത്തിയത്. ഇക്കാര്യത്തിൽ നടക്കുന്ന അന്വേഷണങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോൾ "സിബിഐ അന്വേഷണം നടത്തുകയാണ് ഉചിതം" എന്നും മാണി സി കാപ്പൻ പരിഹസിച്ചു.
advertisement
ഏതായാലും തോൽവിയിൽ കേരളകോൺഗ്രസ് അന്വേഷണം നടത്തുന്നുണ്ട് എന്ന് ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. സിപിഎം നടത്തുന്ന അന്വേഷണം എല്ലാ മണ്ഡലങ്ങളിലും ഉള്ളതാണ് എന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു. സിപിഎം അന്വേഷണം ആ പാർട്ടിയുടെ ആഭ്യന്തര കാര്യം മാത്രമാണ് എന്നുപറഞ്ഞാണ് ജോസ് കെ മാണി ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നത്. ഏതായാലും കേരള കോൺഗ്രസ് എം നടത്തുന്ന അന്വേഷണം എന്ത് കാര്യങ്ങളാണ് കണ്ടെത്താൻ പോകുന്നത് എന്നതാണ് ശ്രദ്ധേയം.
പാലായിലെ തോൽവിക്ക് കാരണം ബിജെപി വോട്ടുകൾ എന്ന് സിപിഎം മാത്രമല്ല കേരള കോൺഗ്രസ് എമ്മും ആദ്യം തന്നെ പ്രതികരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ ബിജെപി കുറഞ്ഞ 14,000ത്തോളം വോട്ടുകൾ പൂർണമായും യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചാൽ തന്നെ ആയിരം വോട്ടിന് മാണി സി കാപ്പൻ വിജയിക്കുമെന്ന കണക്കാണ് കേരള കോൺഗ്രസിനെ വീണ്ടും ധർമ്മസങ്കടത്തിൽ ആകുന്നത്. കഴിഞ്ഞ തവണ 24000 വോട്ട് ലഭിച്ച ബിജെപിക്ക് ഇത്തവണ 10000 വോട്ട് മാത്രമാണ് നേടാനായത്. കേരള കോൺഗ്രസ് എം പാർട്ടിക്ക് 40,000 വോട്ടുകൾ മണ്ഡലത്തിൽ ഉണ്ട് എന്നാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പാർട്ടി നേതാക്കൾ പ്രതികരിച്ചിരുന്നത്. സിപിഎം വോട്ടുകൾ എത്ര ചോർന്നാലും 30000 ഉറപ്പായും കിട്ടും എന്നായിരുന്നു കണക്ക്. അങ്ങനെ 70000 നേടി വിജയമുറപ്പിച്ച സ്ഥലത്താണ് എതിർ സ്ഥാനാർത്ഥി മാണി സി കാപ്പൻ 15000 വോട്ടുകൾക്ക് വിജയിച്ചത്. ഇതാണ് കേരള കോൺഗ്രസ് എമ്മിന് ഉള്ള വലിയ ഞെട്ടലിന് കാരണം.