സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ചു ആശാവഹമെങ്കിലും കുറേക്കൂടി പരിഗണന പ്രതീക്ഷിച്ചിരുന്നതായി മാണി സി കാപ്പൻ പറയുന്നു. റബ്ബറിൻ്റെ താങ്ങുവില 150-ൽ നിന്നും 170 ആയി ഉയർത്തിയത് കർഷകർക്കു ഗുണം ചെയ്യും. എന്നാൽ റബ്ബറിന് താങ്ങുവില 200 രൂപയും ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയ്ക്ക് 150 രൂപയും വീതം താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയെന്നും പ്രസ്താവയിൽ പറയുന്നു.
advertisement
മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ പകർപ്പ് ബജറ്റ് പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ മാണി സി കാപ്പൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ റബർ താങ്ങു വിലയ്ക്കു കാരണം കേരള കോൺഗ്രസ് എമ്മിന്റെ ഇടപെടലാണെന്ന അവകാശവാദവുമായി ജോസ് കെ മാണിയും രംഗത്തെത്തിയിരുന്നു. എന്നാൽ നിവേദനത്തിന് പകർപ്പ് ജോസ് കെ മാണി ആദ്യം പുറത്തുവിട്ടിരുന്നില്ല. മാണി സി കാപ്പൻ നൽകിയ നിവേദനം പുറത്തുവിട്ടതോടെ ജോസ് കെ മാണിയും സ്വന്തം നിവേദനം പ്രചരിപ്പിക്കാൻ തുടങ്ങി.
പദ്ധതികൾക്ക് ഒക്കെ ടോക്കൺ അഡ്വാൻസ് മാത്രം. പലതും പരിഗണിച്ചില്ല.
പരിഗണിക്കാത്ത പദ്ധതികളുടെ അടക്കം വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വാർത്താക്കുറിപ്പാണ് മാണി സി കാപ്പൻ പുറത്തുവിട്ടത്. മൂന്നിലവ് - മേലുകാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചില്ലച്ചി പാലം റോഡ്, ചകണിയാംതടം ചെക്കുഡാം കം ബ്രിഡ്ജ്, അളനാട് - ഉള്ളനാട് - കൊടുമ്പിടി റോഡ് ബി എം ബി സി ടാറിംഗ്, പാലാ കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ നവീകരണം, ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഗാലറി നിർമ്മാണം, കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചാമപ്പാറ-വെള്ളാനി - പുളളിക്കാനം റോഡ്, ഇലവീഴാപൂഞ്ചിറയിലെ സിനിമാ സ്റ്റുഡിയോ - ഹോട്ടൽ കോംപ്ലക്സ്, ഇല്ലിക്കലിൽ ഡോർമെറ്ററിയോടു കൂടിയ യാത്രീനിവാസ്, ഹോട്ടൽ സമുച്ചയം, ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോപ്പ് വേ, പാലാ പാരലൽ റോഡിൽ ആർ വി ജംഗ്ഷനിൽ കോഴാ റോഡിന് മുകളിലൂടെ ഫ്ലൈഓവർ, പഴുക്കാക്കാനം - പാമ്പനാംകവല കമ്പക്കാനം റോഡ് ബി എം ബി സി ടാറിംഗ് തുടങ്ങിയ പദ്ധതികൾ ബജറ്റിൽ ഇടം പിടിച്ചതായി മാണി സി കാപ്പൻ പറയുന്നു. ടോക്കൺ തുകയാണ് ഇവയ്ക്ക് അനുവദിച്ചതെങ്കിലും കഴിഞ്ഞകാല ചരിത്രം കൂടി മാണി സി കാപ്പൻ ഓർമിപ്പിക്കുന്നു. കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക അനുവദിച്ച പല പദ്ധതികളും നടപ്പാക്കിയെന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
നടപ്പാക്കാത്ത പദ്ധതികളെക്കുറിച്ച് നിരാശ
കൊട്ടാരമറ്റത്ത് ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ഫ്ലൈഓവറിന് പദ്ധതി സമർപ്പിച്ചെങ്കിലും ബജറ്റിൽ അനുമതി ലഭിച്ചില്ല. തീക്കോയി - തലനാട് റോഡിൽ പാലം, കടുവാമൂഴി തെള്ളിയാമറ്റം ഗ്യാസ് ഗോഡൗൺ സബ് സ്റ്റേഷൻ ബി എം ബി സി ടാറിംഗ്, പാലായിൽ കലാ-സാംസ്ക്കാരിക - സാഹിത്യ പഠന ഗവേഷണകേന്ദ്രം, തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ വ്യവസായ പാർക്ക്, കാർഷിക ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജ്, ഫുഡ് പാർക്ക്, മൂന്നിലവ് അഞ്ചുമല കടപ്പുഴ ജലവിതരണ പദ്ധതി, പാലായിൽ സ്പോർട്ട്സ് അക്കാദമി, കോണിപ്പാട് - മങ്കൊമ്പ് റോഡിൽ കോണിപ്പാട് മുതൽ ഉപ്പിട്ടുപാറ വരെ ബി എം ബി സി ടാറിംഗ് തുടങ്ങിയ പദ്ധതികൾ സമർപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. കൂടുതൽ പദ്ധതികൾ നടപ്പാക്കാനും അനുവദിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും മാണി സി കാപ്പൻ പറയുന്നു.
ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ലഭിച്ചാൽ തെരഞ്ഞെടുപ്പ് കാലത്ത് അതുമായി ജനങ്ങളെ സമീപിക്കാൻ എളുപ്പമാണെന്ന് മാണി സി കാപ്പൻ വിലയിരുത്തിയിരുന്നു. ഇതിനായി സർക്കാരിൽ നിരവധി പദ്ധതികളാണ് സമർപ്പിച്ചിരുന്നത്. ഏതായാലും ഇടതുപക്ഷത്തെ ഒരു എംഎൽഎ ബജറ്റിൽ പൂർണ തൃപ്തി പ്രകടിപ്പിക്കാതെ വാർത്താക്കുറിപ്പ് ഇറക്കിയത് ശ്രദ്ധേയമാണ്.
മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി പാലയിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകളുണ്ടായിരുന്നു. ജോസ് കെ മാണി പാലാ സീറ്റിനായി അവകാശവാദം ഉറപ്പിച്ചിരിക്കുകയാണ്. അങ്ങനെ വന്നാൽ മാണി സി കാപ്പന് പാലയിൽ സീറ്റ് ലഭിക്കില്ല. മുന്നണി മാറുന്നതിന്റെ മുന്നോടിയായാണ് കാപ്പൻ ബജറ്റിൽ തൃപ്തനാകാത്തതെന്ന വിലയിരുത്തൽ ഇതിനകം ഉയർന്നിട്ടുണ്ട്.