പാലായിൽ ഇടതു സ്ഥാനാർഥിയായിരുന്ന ജോസ് കെ. മാണിയെ 15000ത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മാണി സി. കാപ്പൻ നിയമസഭയിലെത്തിയത്. അതിന് പിന്നാലെയാണ് കാപ്പൻ ഇടതുമുന്നണിയിലേക്ക് വീണ്ടും എത്തുന്നുവെന്ന വാർത്ത പ്രചരിക്കുന്നത്. എ.കെ. ശശീന്ദ്രൻ എൻ.സി.പി. സംസ്ഥാന അധ്യക്ഷനായി മാറുമെന്നും പ്രചരണം ഉണ്ട്. അങ്ങനെ വരുമ്പോൾ പി.സി. ചാക്കോയെ ഒഴിവുവരുന്ന രാജ്യസഭാ സ്ഥാനാർഥിയാക്കുമെന്നാണ് പ്രചരണം. ഇതെല്ലം തള്ളിക്കളയുകയാണ് കാപ്പൻ.
എൻ.സി.പിയിലെ ഒരു വിഭാഗം പ്രത്യേക താൽപര്യത്തോടെ പ്രചരിപ്പിക്കുന്ന വാർത്തയാണ് ഇതെന്ന് കാപ്പൻ വിശ്വസിക്കുന്നു. ഇടതുമുന്നണിയിൽ രാജ്യസഭാംഗത്വം ചർച്ചയാകുന്ന സമയത്ത് അതിനുവേണ്ടിയുള്ള നീക്കമാണ് ഇതെന്നാണ് കാപ്പൻ വിഭാഗം കരുതുന്നത്. ഫലത്തിൽ ഇടതുമുന്നണിയിൽ പി.സി. ചാക്കോയെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നുണ്ട് എന്ന പ്രചരണം ശക്തമാക്കാനായി തന്നെ ഉപയോഗിക്കുന്നു എന്നാണ് അദ്ദേഹം സംശയിക്കുന്നത്.
advertisement
എൻ.സി.പിയിലെ പി.സി. ചാക്കോ വിഭാഗം നടത്തുന്ന ശക്തമായ നീക്കമായി ഇതിനെ കാണാം. ഫലത്തിൽ ഇടതുമുന്നണിയിലേക്ക് പോയാൽ എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയാനുള്ള സാധ്യതയില്ല. അങ്ങനെയിരിക്കെ ഈ വാർത്ത പ്രചരിപ്പിച്ച് ലക്ഷ്യം നേടുക എന്നതാണ് ഇതിന് പിന്നിലുള്ളവർ ലക്ഷ്യമിടുന്നത് എന്ന് കാപ്പൻ വിഭാഗം പറയുന്നു.
ഇടതുമുന്നണിയിൽ എത്തിയാലും ഭാവിയിൽ പാലാ സീറ്റ് കാപ്പന് ലഭിക്കാൻ സാധ്യതയില്ല. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയുമായി വളരെ ചേർന്നു പോകുന്ന സ്ഥിതിയാണ് ഉള്ളത്. പാലായിൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ് കെ. മാണി വീണ്ടും കച്ചകെട്ടി കാത്തിരിക്കുകയാണ്. വികസന വിഷയങ്ങളിൽ അടക്കം മാണി സി. കാപ്പനുമായി നേരിട്ടുള്ള ഏറ്റുമുട്ടലാണ് കേരള കോൺഗ്രസ് (എം).
പരമാവധി വികസനപ്രവർത്തനങ്ങൾ തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമമാണ് ജോസ് കെ. മാണി വിഭാഗം നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ വിവിധപദ്ധതികൾ തങ്ങളാണ് പാലയിൽ കൊണ്ടുവന്നത് എന്ന് വരുത്തിതീർക്കാൻ ജോസ് കെ. മാണിയും ഒപ്പമുള്ളവരും കാര്യമായി ശ്രമിക്കുന്നുണ്ട്.
പാർട്ടിയുടെ മന്ത്രിയായ റോഷി അഗസ്റ്റിൻ വഴിയും വിവിധപദ്ധതികൾ പാലായിൽ എത്തിക്കാനാണ് ശ്രമം തീവ്രമായി നടക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾതന്നെ കച്ചകെട്ടി ജോസ് കെ. മാണിയും ഒപ്പമുള്ളവരും ഇറങ്ങിയിരിക്കുന്നത്. മണ്ഡലത്തിൽ സംഘടനാ പ്രവർത്തനം ശക്തമാക്കാനും കേരള കോൺഗ്രസ് (എം) നടപടി സ്വീകരിച്ചു വരികയാണ്.
