നഗരസഭയിലെ 35 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയപ്പോള്‍ 14 സീറ്റുകളിലാണ് യുഡിഎഫിന് വിജയം നേടാനായത്. മൊത്തം വാര്‍ഡുകളിലെ ഇരുമുന്നണികളുടേയും വോട്ട് വ്യത്യാസം കണക്കാക്കുമ്പോള്‍ നാലായിരത്തോളം വോട്ടുകളുടെ മുന്‍തൂക്കമാണ് എല്‍ഡിഎഫിനുള്ളത്. നാലു സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചത് 55ൽ താഴെ വോട്ടുകൾക്കാണ്. ഇവിടെ ഫലം മറിച്ചായിരുന്നെങ്കിൽ യുഡിഎഫിന് ആദ്യമായി മട്ടന്നൂരിൽ ഭരണത്തിലെത്താമായിരുന്നു. മുണ്ടയോട്- 4, നാലാങ്കേരി- 45, കായനി- 53, കോളാരി 56 എന്നിങ്ങനെയെയായിരുന്നു എൽഡിഎഫുമായി യൂഡിഎഫിനുള്ള വോട്ട് വ്യത്യാസം. ഇതിൽ കൊളാരിയിലെ ത്രികോണ മത്സരത്തിൽ ബിജെപിയുടെ 23 വോട്ട് പിന്നിൽ കോൺഗ്രസ് മൂന്നാമതായി.
advertisement
മട്ടന്നൂരിന് എന്താണ് പ്രത്യേകത?
സംസ്ഥാനത്ത് മട്ടന്നൂരൊഴികെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ അത് കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമാകും മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കേസുകളാണ് ഈ ഒരിടവേളയ്ക്ക് കാരണമായതെന്നത് ചരിത്രം.
2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 14 വാര്‍ഡുകള്‍ നേടിയതാണ് യുഡിഎഫ് മട്ടന്നൂരില്‍ നേടിയ ഏറ്റവും മികച്ച പ്രകടനം. 2010 ലെ തദ്ദേശ പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തീര്‍ത്ത തരംഗത്തിന്റെ അലയൊലികളുടെ ഭാഗമായിരുന്നു ഇതും. അന്ന് ആറില്‍ നിന്നാണ് അന്ന് 14ലേക്കാണ് സീറ്റ് ഉയര്‍ന്നത്. എന്നാല്‍ 2017ല്‍ ഏഴിലേക്ക് യുഡിഎഫ് കൂപ്പുകുത്തി.
ആവേശത്തിൽ യുഡിഎഫ്
നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കുക എന്നതായിരുന്നു ഇത്തവണ യുഡിഎഫിന്റെ പ്രഥമ പരിഗണന. ആ ലക്ഷ്യം കൈവരിക്കാനായതാണ് യുഡിഎഫിന്റെ പ്രധാന നേട്ടം. ഒപ്പം തൃക്കാക്കരക്ക് പിന്നാലെ നടന്ന സുപ്രധാന രാഷ്ട്രീയ പോരില്‍ ഇടതുകോട്ടയ്ക്ക് ഇളക്കമുണ്ടാക്കിയതിന്റേയും ആവേശത്തിലാണ് സംസ്ഥാനത്തുടനീളമുള്ള കോൺഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകരും നേതൃത്വവും.
പരിശോധിക്കാൻ എൽഡിഎഫ്
എല്‍ഡിഎഫിനെതിരെ സാമുദായിക ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിച്ചുവെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. മുസ്ലിംലീഗാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ഇടതുനേതാക്കള്‍ പറയുന്നു. സീറ്റ് കുറയാനിടയായ മറ്റു ഘടകങ്ങല്‍ പാര്‍ട്ടി പരിശോധിക്കുമെന്നും സിപിഎം നേതൃത്വം പറയുന്നു.
'മാറുന്ന രാഷ്ട്രീയം'
കേരളത്തിന്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സിപിഎം അവകാശപ്പെടുന്ന മട്ടന്നൂരില്‍ കണ്ടതെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞത്. ''കേരളത്തില്‍ മാറുന്ന രാഷ്ട്രീയത്തിന്റെ ഫലസൂചികയാണ് തെരഞ്ഞെടുപ്പ് ഫലം. ജനവിധി അംഗീകരിക്കുമ്പോഴും സിപിഎം ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് 7 സീറ്റില്‍ നിന്നും 14 ലാക്കി വര്‍ധിപ്പിക്കുകയെന്നത് വലിയ നേട്ടം തന്നെയാണ്. വര്‍ഗീയ ശക്തികളുമായി ചേര്‍ന്നുള്ള വോട്ടു കച്ചവടവും കള്ളവോട്ടും ഉള്‍പ്പെടെ നടത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചിട്ടും അവരുടെ കോട്ടയില്‍ തിളക്കമാര്‍ന്ന മുന്നേറ്റം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിച്ചു.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ യുഡിഎഫിന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പോലും അപ്രാപ്യമായിരുന്നു.എല്ലാത്തരം വെല്ലുവിളികളെയും അതിജീവിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ കൂടി നേട്ടമാണിത്''.
കാടിളക്കി പ്രചാരണം
നാടും കാടുമിളക്കിയുള്ള പ്രചാരണം തന്നെയായിരുന്നു ഇത്തവണ മുന്നണികളെല്ലാം നടത്തിയിരുന്നത് .പ്രമുഖ നേതാക്കളെ എല്ലാം കൊണ്ടുവന്ന് ഊര്‍ജിതമായ പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തിയത്. മന്ത്രിമാരായ എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, സി പി എം പി ബി അംഗം എ വിജയരാഘവന്‍ തുടങ്ങിയവര്‍ എല്‍ ഡി എഫിന്റെ പ്രചാരണത്തിന് എത്തി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍ എം പി തുടങ്ങിയവര്‍ യുഡിഎഫ് പ്രചാരണത്തിന് ഉണ്ടായിരുന്നു. ഒപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ക്യാമ്പ് ചെയ്ത് തന്നെ പ്രവര്‍ത്തനം നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവരാണ് ബി ജെ പിയുടെ പ്രചാരണത്തിനായി എത്തിയത്.