2018 ഫെബ്രുവരി 12ന് എടയന്നൂരിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷുഹൈബിനെ കൊലപ്പെടുത്തിയത്. തട്ടുകടയിൽ സുഹൃത്തുകൾക്കൊപ്പം ചായ കുടിക്കുമ്പോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി ശേഷം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചെറുപ്പക്കാരനെ മരം വെട്ടുന്നതും മീൻ വരയുന്നതും പോലെ അരക്ക് താഴെ 41 വെട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. കേസിലെ 11 പ്രതികളിൽ അഞ്ച് പേർ തെരൂർ പാലയോടുകാരും ആറു പേർ തില്ലങ്കേരിക്കാരുമാണ്. ഇതെല്ലാം സിപിഎം ക്വട്ടേഷൻ സംഘാംഗങ്ങളാണ്. ഈ പ്രതികളെ പുറത്താക്കിയ പാർട്ടി സിപിഎം ആണ്. ആകാശ് തില്ലങ്കേരിയെ പുറത്താക്കുകയാണെന്ന് അച്ഛനെ ഓഫീസിൽ വിളിച്ചുവരുത്തി പറഞ്ഞത് ഏത് പാർട്ടിയാണെന്ന് പറയുന്നില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുന്നതിന് മുമ്പ് പിതാവിനോട് പറയുന്നത് പോലെയാണ് ഇതെന്ന് സിദ്ദീഖ് പരിഹസിച്ചു.
advertisement
കൊലപാതകം നടത്താൻ ആകാശ് തില്ലങ്കേരിയും ഷുഹൈബും തമ്മിൽ പരസ്പര ബന്ധമില്ല. എടയന്നൂരും ഇരിക്കൂരും മട്ടന്നൂരും കഴിഞ്ഞുള്ള സ്ഥലമാണ് തില്ലങ്കേരി. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണ്. പാർട്ടിക്ക് വേണ്ടി നടത്തിയ കൊലപാതകമാണെന്നും നേതാക്കളാണ് ഇത് ചെയ്യിച്ചതെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
ക്വട്ടേഷൻ സംഘത്തിന് സിപിഎമ്മുമായി ബന്ധമില്ലെങ്കിൽ ഷുഹൈബിന്‍റെ മാതാപിതാക്കൾ കൊടുത്ത കേസിൽ ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി വാദിക്കാൻ വന്നത് വിജയ് ഹസാരെ അടക്കം പ്രമുഖ ക്രിമിനൽ അഭിഭാഷകരാണ്. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറിനെ അഭിഭാഷകർ ഉണ്ടായിരിക്കെ കേസ് വാദിക്കാൻ ബിജെപി സർക്കാറിലെ അഡീഷണൽ സോളിസിറ്റർ ആയിരുന്ന രഞ്ജിത്ത് കുമാറിനെ ലക്ഷങ്ങൾ മുടക്കിയാണ് നിയോഗിച്ചതെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.
ജന്മി-കുടിയാൻ സമരവും അതിന്റെ ഭാഗമായ നെല്ല് വാരൽ സമരവും ധീരരക്തസാക്ഷികളും പിറന്ന തില്ലങ്കേരിയിൽ വീണ്ടുമൊരു പോരാട്ടം നടക്കുകയാണ്. അത് ജന്മിയും കുടിയാനും തമ്മിലുള്ള പോരാട്ടമല്ല. കൊല ചെയ്തവനും കൊല്ലിച്ചവനും തമ്മിലുള്ള പുതിയ പോരാട്ടമാണെന്നും സിദ്ദീഖ് വ്യക്തമാക്കി.
അതേസമയം, ഷുഹൈബ് വധക്കേസിൽ അന്വേഷണം നീതിപൂർവമെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. വധക്കേസിലെ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാഷ്ട്രീയ പശ്ചാത്തലം നോക്കാതെയാണ് പ്രതികളെ കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ക്വട്ടേഷൻ സംഘങ്ങളുടെ തണലിലല്ല. ക്രിമിനലുകളുടെ വാക്ക് മഹത്വവൽകരിക്കാൻ പ്രതിപക്ഷത്തിന് വ്യഗ്രതയാണ്. ആകാശും ജിജോയും കേസിൽ പ്രതികളായത് കൊണ്ടാണ് കാപ്പ ചുമത്തിയത്. ഷുഹൈബ് കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിച്ചിട്ടില്ല. സിബിഐ വരുന്നതിനെ എതിർത്തത് പ്രതികളെ സംരക്ഷിക്കാനല്ലെന്നും പൊലീസ് നടപടി സംരക്ഷിക്കാനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഷുഹൈബിനെ കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. പി ജെ ആർമിയുടെ മുന്നണി പോരാളിയാണ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം കുറി നടത്തി. ഷുഹൈബ് വധത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ രക്ഷിക്കാനാണ് സിബിഐയെ എതിർക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.