മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. കോടതി ഉത്തരവ് വിജിലൻസ് ഉദ്യോഗസ്ഥർ ഡി.എം.ഒയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്ക് മുൻപായി റിപ്പോർട്ട് നൽകണം. അന്ന് തന്നെയാണ് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷയും വിജിലൻസ് നൽകിയ കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നത്. ഇവ രണ്ടും കോടതി പരിഗണിക്കുന്നത് മെഡിക്കൽ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും.
Also Read അഴിമതി കേസിൽ അറസ്റ്റിലായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമാകാൻ മെഡിക്കൽ ബോർഡ്
advertisement
നാലു ദിവസത്തെ കസ്റ്റഡിയാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി അനുവദിക്കുകയാണെങ്കിൽ അത് ആശുപത്രിയിൽ തുടർന്നു കൊണ്ടാകാനാണ് സാധ്യത. അത് ഇപ്പോൾ ചികിൽസിക്കുന്ന ആശുപത്രിയിൽ വേണോ, സർക്കാർ ആശുപത്രിയിലേക്ക് മാറ്റി കൊണ്ടു വേണമോയെന്നതും മെഡിക്കൽ ബോർഡ് നൽകുന്ന റിപ്പോർട്ടിനെ ആധാരമാക്കിയായിരിക്കും.
അതേസമയം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് കൂടുതൽ വ്യക്തമാകുന്നതാണ് കോടതിയിൽ വിജിലൻസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. ചന്ദ്രിക ദിനപ്പത്രത്തിൽ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണം എന്ന് ഇബ്രാഹിംകുഞ്ഞ് എൻഫോഴ്സ് മെന്റിനോട് സമ്മതിച്ചതായും നികുതി വെട്ടിച്ചതിൽ പിഴ ഒടുക്കിയതിൻ്റെ രസീതുകൾ കണ്ടെത്തിയതായും വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ചന്ദ്രിക ദിനപത്രത്തിൻ്റെ അക്കൗണ്ട് പരിശോധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2017ൽ നാലര കോടിയുടെ കണക്കിൽ പെടാത്ത നിക്ഷേപംവന്നുവെന്നു കണ്ടെത്തി.തുടർന്ന് ചന്ദ്രിക പത്രത്തിൻ്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇ ഡി യുടെ പക്കലുള്ള വിവരങ്ങളാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പണത്തിന്റെ ഉറവിടം എവിടെന്നു പറയാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
നികുതി അടക്കാത്ത പണം എന്നു സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നെന്നും വിജിലൻസ് പറയുന്നു .അക്കൗണ്ട് മരവിപ്പിച്ച ആദായ നികുതി വകുപ്പിൻ്റെ പ്രൊഹിബിഷൻ ഓർഡറും നികുതി വെട്ടിച്ചതിൽ പിഴ ഒടുക്കിയതിൻ്റെ രസീതുകളും മന്ത്രിയുടെ വീട്ടീൽ നിന്നും വിജിലൻസ് കണ്ടെത്തിയട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. രണ്ടേകാൽ കോടി നികുതി കുടിശ്ശികയും പിഴയും അടച്ചതിൻ്റെ രേഖകളും വിജിലൻസിനു ലഭിച്ചു.
