മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റിന്റെ (72) മൃതദേഹം ഞായറാഴ്ച പനമ്പിള്ളി നഗറിൽ പൊതുദർശനത്തിനു വയ്ക്കും. ഡൽഹിയിൽനിന്നു രാവിലെ എത്തിക്കുന്ന മൃതദേഹം എസ്ബിടി അവന്യുവിലെ മുത്തൂറ്റ് ഓറം റസിഡന്‍സസിൽ രാവിലെ ഏഴര മുതൽ എട്ടര വരെയാണ് പൊതുദർശനത്തിനു വയ്ക്കുക.
Also Read മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു
തുടർന്ന് പത്തനംതിട്ട കോഴഞ്ചേരിയിലേയ്ക്കു കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കോഴഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം.ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.
advertisement
മുത്തൂറ്റ് ഗ്രൂപ്പിനു കീഴിൽ ധനകാര്യ സേവന വിഭാഗത്തിന് തുടക്കമിട്ട എം. ജോർജ് മുത്തൂറ്റിന്റെ മകനായി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ 1949-ലായിരുന്നു ജനനം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. 1979ൽ കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റു. 1993ൽ ഗ്രൂപ്പിന്റെ ചെയർമാനായി. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാൻസ്. ജോർജ് സ്ഥാനമേൽക്കുമ്പോൾ കേരളം, ഡൽഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളിലായി 31 ബ്രാഞ്ചുകൾ മാത്രമാണ് ഗ്രൂപ്പിനുണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 5,500 ലേറെ ബ്രാഞ്ചുകളിലായി ഇരുപതിലേറെ വൈവിധ്യമാർന്ന ബിസിനസ് വിഭാഗങ്ങൾ മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്.
Also Read 50 മുതൽ 60 ശതമാനം വരെ പുതുമുഖങ്ങൾ; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കും
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ – ഫിക്കി) എക്സ്ക്യൂട്ടീവ് അംഗമായും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനായും പ്രവർത്തിച്ചു. ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയാണ് (480 കോടി ഡോളർ) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഇവർ. 2011 ൽ എം.ജി.ജോർജ് മുത്തൂറ്റ് ഫോബ്സ് ഏഷ്യ പട്ടികയിൽ ഇന്ത്യയിലെ അൻപത് ധനികരിൽ ഉൾപ്പെട്ടിരുന്നു.