യൂജിൻ പെരേര നടത്തിയത് തരംതാഴ്ന്ന പ്രസ്താവനയാണെന്നും പച്ചക്കള്ളം വൈദികന്‍റെ നാവിൽ നിന്ന് വരുന്നത് ശരിയല്ലെന്നും വ്യാജ പ്രസ്താവന പിൻവലിക്കണമെന്നും ആന്‍റണി രാജു പറഞ്ഞു.
”യൂജിൻ പെരേരയാണ് ലത്തീൻ സഭയെന്ന് ധാരണ ഉണ്ടെങ്കിൽ അത് മാറ്റണം. തീരപ്രദേശത്ത് സംഘർഷമുണ്ടാക്കി മുതലെടുക്കാനാണ് യൂജിൻ പേരേര ശ്രമിക്കുന്നത്. പണ്ട് തീരദേശ ജനതയെ മുതലെടുത്തത് പോലെ ഇപ്പോൾ നടക്കുന്നില്ല. അതിന്‍റെ ബുദ്ധിമുട്ട് അദ്ദേഹത്തിനുണ്ട്”- മന്ത്രി പറഞ്ഞു.
ഇടതുമുന്നണിയുടെ മന്ത്രിയെ തീരുമാനിക്കുന്നത് യൂജിന്‍ പെരേരയല്ലെന്നും ആന്റണി രാജു പറഞ്ഞു. താനും ലത്തീൻ സഭ അംഗമാണ്. ഞങ്ങളൊക്കെ ഉണ്ടെങ്കിലേ നിങ്ങളൊക്കെയുള്ളൂ, അത് ഓർമ്മ വേണം. ബന്ധപ്പെട്ടവർ യൂജിൻ പേരേരയെ നിയന്ത്രിക്കണം. ഇങ്ങനെ കയറൂരി വിട്ടാൽ സഭയ്ക്ക് ഭൂഷണമല്ല. ലത്തീൻ സഭയുടെ അധിപനായി സംസാരിക്കാൻ അദ്ദേഹത്തിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. യൂജിൻ പേരേര ഇല്ലാത്ത മേനി നടിക്കുകയാണെന്നും അതിനൊന്നും ഞങ്ങൾ വഴങ്ങി കൊടുക്കില്ലെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
advertisement
മുതലപ്പൊഴിയിൽ മന്ത്രി ആന്റണി രാജു ഇടപെടുന്നില്ലെന്നും സ്വയം ന്യായീകരിക്കാനാണ് ഓരോ അഭിപ്രായങ്ങൾ പറയുന്നതെന്നതടക്കമുള്ള ആരോപണങ്ങളാണ് മന്ത്രിക്കെതിരെ യൂജിന്‍ പെരേര ഉയര്‍ത്തിയത്. ”മന്ത്രി ഇപ്പോൾ പറയുന്നത് സംഘടനയുടെ പ്രതിനിധി അല്ലെന്നാണ്. മന്ത്രി സമയാസമയത്ത് താല്പര്യമനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നത്. സ്വയം രക്ഷപ്പെടാനും ന്യായീകരിക്കാനുമുള്ള ഓരോ പ്രകടനങ്ങളാണ് മന്ത്രിയുടേത്. പൊള്ളയായ വാക്കുകളാണ് പറയുന്നത്”- നേരത്തെ യൂജിൻ പെരേര പറഞ്ഞു.
മുതലപ്പൊഴിയിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. മുതലപ്പൊഴിയിൽ ലാറ്റിൻ കത്തോലിക്കാ അസോസിയേഷന്റെ വിമർശനം സത്യസന്ധമായ അഭിപ്രായ പ്രകടനമാണെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാം എന്നാണ് മന്ത്രി വിചാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.