ആരോഗ്യ മന്ത്രി വീണാജോർജിനെ ധനമന്ത്രി കെ എൻ ബാലഗോപാൽ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. വീണാ ജോർജിനെ കണ്ട് മടങ്ങിയധനമന്ത്രിയുമായി ബിജെപി പ്രവർത്തകർ തർക്കത്തിൽ ഏർപ്പെട്ടു. ബിജെപി പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവായിരുന്നു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി.
advertisement
ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞു.
അതേസമയം, അപകടത്തിൽ തിരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ജയകുമാര്‍ പറഞ്ഞു. തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മന്ത്രിമാരടക്കമുള്ള സംഘം സംഭവ സ്ഥലത്ത് എത്തിയപ്പോൾ വിവരങ്ങള്‍ കൈമാറിയത് താനാണെന്നും അവിടുണ്ടായിരുന്ന ഉദ്യാഗസ്ഥരുമായി സംസാരിച്ചതിന് ശേഷമാണ് കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയപ്പോൾ ലഭിച്ച പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാരെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.