കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്നാട് വനംവകുപ്പ് നടത്തുന്നത്. ലോവര്‍ ക്യാമ്പില്‍നിന്ന് വനാതിര്‍ത്തി വഴിയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്.
ഇന്നു രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ വൻതോതിൽ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഓട്ടോറിക്ഷ ഉൾപ്പെടെ തകർത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ടൗണിലെ പ്രധാന റോഡുകളിലൊന്നിലൂടെ ആളുകളെ ഓടിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യം പുറത്തായിരുന്നു. അരിക്കൊമ്പന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനം. മുൻപും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തമിഴ്നാട് സർക്കാർ ബസിനു നേരെ അരിക്കൊമ്പൻ പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ അരിക്കൊമ്പനെ ഭയന്ന് മേഘമലയിലേക്കുള്ള വിനോദസഞ്ചാരം പോലും നിർത്തിവച്ചിരുന്നു.