കുമളി: അതിർത്തി കടന്നെത്തിയ അരിക്കൊമ്പൻ കമ്പം ടൗണിൽ വൻഭീതി പടർത്തി. ടൗണിലൂടെ ഓടിയ അരിക്കൊമ്പൻ ഓട്ടോറിക്ഷകൾ തകർന്നു. ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റതായാണ് വിവരം. അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ തമിഴ്നാട് സർക്കാർ നീക്കം തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. കമ്പം നഗരസഭാധികൃതരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മൈക്ക് അനൗൺസ്മെന്റ് നടത്തുന്നു.
മുല്ലപ്പെരിയാർ വിഷയത്തിൽ തന്നെ കേരളത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്ന സ്ഥലമാണ് ഇവിടെ. മേഘമലയിൽ അരിക്കൊമ്പൻ ഇറങ്ങിയപ്പോൾ തന്നെ കേരളത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പ്രകടമായിരുന്നു. ഇതു പുതിയ ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞ് വളരെ ശ്രദ്ധയോടയാണ് ഉന്നത ഉദ്യോഗസ്ഥരടക്കം നടപടികളുമായി മുന്നോട്ടുപോകുന്നത്.
ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞതിൽ മൂന്നു പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അരിക്കൊമ്പൻ കമ്പംമേട്ട് ഭാഗത്തേക്കാണു നീങ്ങുന്നത്. റോഡിന് സമാന്തരമായി തെങ്ങിന്‍തോപ്പുകളിലൂടെയാണ് ആനയുടെ നീക്കം. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. ആനയെ തിരികെ കാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ ഫലം കാണുന്നില്ല.