അതേസമയം, ദുരന്തബാധിതരായ ഒരാൾ പോലും തന്നെ കൂകിവിളിച്ചിട്ടില്ലെന്ന് ടി സിദ്ദീഖ് എംഎൽഎ പറഞ്ഞു. താൻ സംസാരിച്ചപ്പോൾ ദുരന്ത ബാധിതരായ ഒരാൾ പോലും സദസൽ നിന്ന് അപശബ്ദം ഉണ്ടാക്കിയില്ലെന്നും മറിച്ച് താൻ സംസാരിച്ചപ്പോൾ ചിലർ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയാണ് ഉണ്ടായതെന്നും ടി സിദ്ദീഖ് പറഞ്ഞു. ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവർത്തനത്തിനായി വളരെ അനുകൂലമായ നിലപാടാണ് ഇതുവരെ സ്വീകരിച്ച് വന്നിട്ടുള്ളത്. എന്നാൽ വീടുകൾ നൽകുന്ന ചടങ്ങ് രാഷ്ട്രീയ അതിപ്രസരത്തിന്റെ മേഖലകളിലേക്ക് കൊണ്ടു പോയി. തന്നെ ലക്ഷ്യം വച്ചുള്ള സീപനം ഉണ്ടായെന്നും ടി സിദ്ദീഖ് പറഞ്ഞു. ആ സമയത്ത് ഇടപെടേണ്ട ആളുകൾ ഇടപെട്ട് ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ അത് ഒഴിവാക്കാമായിരുന്നു. എന്നാൽ അത് ഉണ്ടായില്ല. കല്ലിട്ട് പോകുന്നവരല്ല തങ്ങൾ എന്ന മന്ത്രി കെ.രാജന്റെ പരാമർശം ഇത്തരം ഒരു വേദിയിൽ അനുചിതമായിപ്പോയെന്നും ടി സിദ്ദീഖ് പറഞ്ഞു. ചടങ്ങിൽ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴും ടി.സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായിരുന്നു.
advertisement
ഞങ്ങൾ കല്ലുമാത്രം ഇട്ടു പോകുന്നവർ അല്ലെന്നും കല്ലിന് മേലെ കല്ല് വെക്കും എന്നുമായിരുന്നു മന്ത്രി കെ രാജന്റെ പരിഹാസം. മാതൃകാ ടൗൺ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിൽ ടി.സിദ്ദിഖ് എംഎല്‍എയെ വേദിയിലിരുത്തിയായിരുന്നു മന്ത്രിയുടെ പരിഹാസം. ദുരിതബാധിതർക്ക് വേണ്ടിയുള്ള ഇന്ത്യയിൽ തന്നെ ആദ്യ ടൗൺഷിപാണിതെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിലുള്ള കോടതി വ്യവഹാരം നീണ്ടുപോയിരുന്നില്ലെങ്കിൽ വീടുകൾ നേരത്തെ തന്നെ കൈമാറാൻ കഴിയുമായിരുന്നുവെന്നും ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ മന്ത്രി കൂട്ടിച്ചേർത്തു.
