ഏറ്റുമാനൂർ സീറ്റിനുവേണ്ടി വാശിപിടിച്ച ലതികാ സുഭാഷ് തൻറെ അവസരങ്ങൾ ഇല്ലാതാക്കുക കൂടിയായിരുന്നു എന്ന് മഹിളാ കോണ്ഗ്രസ് നേതാവും കെ പി സി സി മുൻ വൈസ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് ലാലി വിൻസെൻറ് പറഞ്ഞു. ഏറ്റുമാനൂർ സീറ്റിനു വേണ്ടി വാശി പിടിക്കുന്നതിന് താൻ സാക്ഷിയാണ്. മറ്റെവിടെയെങ്കിലും അനുയോജ്യമായ അവസരങ്ങൾ ഉണ്ടോയെന്ന് പോലും ഇവർ അന്വേഷിച്ചില്ല .തികച്ചും ഏകപക്ഷീയമായി തീരുമാനമെടുക്കുകയും അത് നടപ്പാക്കുകയും ആയിരുന്നു ലതികാ സുഭാഷ് ചെയ്തതെന്നും ലാലി വിൻസെൻറ് കുറ്റപ്പെടുത്തി.
advertisement
സ്ത്രീകളെ അംഗീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ്. സ്ത്രീ മുന്നേറ്റത്തിന് പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് പിന്തുണ നല്കിയിട്ടുണ്ട്. ലതികയുടെ പ്രവർത്തി പാർട്ടിയെ സമ്മർദ്ദത്തിലാക്കി. ഇത് എതിരാളികൾക്ക് ആയുധം നൽകുന്നതിന് തുല്യമായ പ്രവർത്തിയായി പോയി. വാളയാറിലെ അമ്മയ്ക്ക് വേണ്ടിയെന്നു പറഞ്ഞാണ് തൻറെ തലമുടി ലതിക മുണ്ഡനം ചെയ്തത്. എന്നാൽ സമയവും സ്ഥലവും തെറ്റായിരുന്നു. വാളയാറിലെ അമ്മയ്ക്ക് വേണ്ടിയായിരുന്നു തല മുണ്ഡനം ചെയ്തതെങ്കിൽ മറ്റു വേദി തിരഞ്ഞെടുക്കാമായിരുന്നു. വിഷയത്തോട് ഒരു ആത്മാർത്ഥതയും പുലർത്താതെ ആയിരുന്നു ഇത് ലതിക പറഞ്ഞതെന്ന പരോക്ഷ വിമർശനവും ലാലി വിൻസെൻറ് നടത്തി.
ലതികയേയും ഭർത്താവ് സുഭാഷിനെയും പാർട്ടി വേണ്ടും വിധം അംഗീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുകയും പാർട്ടിയിൽ ഭാരവാഹിത്വം നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലതിക സീറ്റ് വേണ്ടെന്നു വയ്ക്കുകയും ഭർത്താവിന് വൈപ്പിൻ സീറ്റ് തരപ്പെടുത്തുകയും ചെയ്തു . മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ട ലതികയുടെ ഭർത്താവ് സുഭാഷ് പാർട്ടിയിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
തന്നെപ്പോലെ ഒട്ടനവധിപേർ തെരഞ്ഞെടുപ്പുകളിൽ സീറ്റ് പ്രതീക്ഷിച്ചിട്ട് നിരാശരായിട്ടുണ്ടെന്ന് ലാലി വിൻസെൻറ് പറഞ്ഞു. ഇത് അംഗീകരിക്കാനുള്ള മനസ്ഥിതിയും സഹിഷ്ണുതയും കാണിക്കേണ്ടതുണ്ട്. താൻ ആലപ്പുഴയിൽ മത്സരിച്ചത് തോമസ് ഐസക്കിന് എതിരെയായിരുന്നു. പലപ്പോഴും സ്ത്രീകൾക്ക് ലഭിക്കുന്നത് ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങൾ തന്നെയാണ് . പക്ഷേ പാർട്ടി തീരുമാനം അംഗീകരിക്കുകയാണ് എല്ലാവരും ചെയ്യുന്നതും ചെയ്യേണ്ടതെന്നും ലാലി വിൻസെൻറ് വ്യക്തമാക്കി.
ലതികാ സുഭാഷിനെതിരെ കെ പി സി സി ജനറൽ സെക്രട്ടറി കൂടിയായ ദീപ്തി മേരി വർഗ്ഗീസും രംഗത്തുവന്നു .സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധം പാർട്ടിക്കകത്ത് തന്നെ രേഖപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത് . ഈ രീതിയിലുള്ള പ്രതികരണം അസഹിഷ്ണുതയുടെ തെളിവാണെന്ന് അവർ പറഞ്ഞു. ലതികാ സുഭാഷിന് പാർട്ടിക്കകത്തു നിന്നോ മഹിളാ കോൺഗ്രസിൽ നിന്നോ കാര്യമായ ഒരു പിന്തുണയും ഇപ്പോൾ ലഭിക്കുന്നില്ല . സ്വതന്ത്രയായി മത്സരിക്കുമെന്ന പ്രഖ്യാപനവും ആദ്യ ദിനം തന്നെ മുതിർന്ന നേതാക്കൾ തള്ളിപ്പറഞ്ഞതോടു കൂടി ലതികാ സുഭാഷ് കോൺഗ്രസിൽ ഇനി ഉണ്ടാകുമോ എന്നാണ് ചോദ്യമുയരുന്നത്