ഇന്നു വൈകുന്നേരം നാലുമണിയോടെയാണ് പാലാ ടൗണിൽ നിന്ന് മുസ്ലിം ഐക്യ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം ആരംഭിച്ചത്. പ്രകടനം ബിഷപ്പ് ഹൗസിന് 200 മീറ്റർ അകലെ വച്ച് പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. പാലാ ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ വൻതോതിൽ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ശക്തമായി നില ഉറപ്പിക്കുകയായിരുന്നു. തുടർന്ന് മുസ്ലിം ഐക്യ വേദി നേതാക്കൾ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 250ഓളം പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്.
advertisement
മുസ്ലിം ഐക്യവേദിയുടെ മാർച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് പിഡിപി പ്രവർത്തകർ മാർച്ച് നടത്തിയത്. സെന്റ് തോമസ് കോളേജിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് കടപ്പാട്ടൂർ ബൈപ്പാസ് കവലയിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മുപ്പതോളം പ്രവർത്തകരാണ് പിഡിപി മാർച്ചിൽ അണിനിരന്നത്. ജില്ലാ മണ്ഡലത്തിൽ ഉള്ള നേതാക്കൾ മാത്രമാണ് പിഡിപി മാർച്ചിൽ പങ്കുചേർന്നത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പിഡിപി മാർച്ച് നടത്തിയത്. സംഘപരിവാർ സംഘടനകളുടെ നിലപാടാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗത്തിൽ ആവർത്തിച്ചത് എന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബിഷപ്പിനെതിരെ ശക്തമായ പോലീസ് നടപടി ഉണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ബിഷപ്പ് പ്രചരിപ്പിച്ചത് പോലെയല്ല ഇസ്ലാം മതം എന്ന് നേതാക്കൾ പ്രസംഗത്തിൽ ആവർത്തിച്ചു. മതപരമായ പവിത്രമായ വാക്കുകളെ വളച്ചൊടിക്കുകയാണ് ബിഷപ്പ് ചെയ്തത് എന്നും നേതാക്കൾ കുറ്റപ്പെടുത്തി.
കോട്ടയം കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവനകൾ നടത്തിയത്. ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമുസ്ലിങ്ങളായ എല്ലാവരെയും നശിപ്പിക്കുക എന്നതാണ് തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമമെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. ലൗ ജിഹാദിന് പുറമേ നാർക്കോട്ടിക് ജിഹാദ് ശക്തമായ നിലവിലുണ്ട് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഐസ്ക്രീം പാർലറുകളും പാർട്ടികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നും ബിഷപ്പ് ആരോപിച്ചിരുന്നു.
Also Read-'സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ഇന്ധനം നൽകരുത്'; പാലാ ബിഷപ്പിനെതിരെ പി ടി തോമസ്
സംഭവത്തിനെതിരെ മഹല്ല് കോ-ഓര്‍ഡിനേഷൻ കമ്മിറ്റി പൊലീസിൽ നൽകിയിട്ടുണ്ട് . പരാതി ജില്ലാ പോലീസ് മേധാവി തുടർനടപടിക്കായി ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പാലാ ബിഷപ്പിനെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശനും, കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പി ടി തോമസും രംഗത്തുവന്നിരുന്നു. വിഷയത്തിൽ പോലീസ് എടുക്കുന്ന തുടർനടപടി ആകും ഇനി നിർണായകം.
