കുട്ടികളെ സഹായിക്കാന്‍ വേണ്ടി ചെയ്ത ഈ പുണ്യ പ്രവര്‍ത്തിക്ക് ഇത്തരത്തിലുള്ള ശിക്ഷ നല്‍കുന്നത് ശരിയാണോയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍. ഇത്തരത്തിലുള്ള വമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് എംവിഡി.
സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്ത KL 20 P 6698 എന്ന വാഹനമാണ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടികളുടെ ജീവന് തന്നെ ഭീഷണി ആയേക്കാവുന്ന ഈ നടപടിക്ക് വാഹന ഉടമയും ഡ്രൈവറുമായ ഹാജ ഹുസൈന്‍ എന്നയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യത കല്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി നെയ്യാറ്റിന്‍കര ജോയിന്റ് ആര്‍ടിഒ അറിയിച്ചിരുന്നു.
advertisement
ചരക്ക് കയറ്റുന്ന പെട്ടിയില്‍ കാലികളെക്കാള്‍ മോശമായി യാത്ര നടത്തിയതിനെ ന്യായിരിക്കുന്ന അജണ്ടയെ എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കുമെന്ന ചോദ്യത്തോടെയാണ് എംവിഡി മറുപടി ആരംഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പെട്ടി ഓട്ടോക്കെതിരെ നടപടി -നിയമ ലംഘനത്തിന് ചൂട്ടുപിടിക്കണോ?
സ്‌കൂള്‍ കുട്ടികളെ ഗുഡ്‌സ് ഓട്ടോയില്‍ കുത്തി നിറച്ച് അപകടകരമായികയറ്റി കൊണ്ടുപോയ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു.
കുട്ടികളെ സഹായിക്കാന്‍ വേണ്ടി ഡ്രൈവര്‍ ചെയ്ത ഒരു പുണ്യ പ്രവര്‍ത്തിക്ക് വകുപ്പ് ഇങ്ങനെ ശിക്ഷ നല്‍കാമോ എന്നാണ് ചിലരുടെ ചോദ്യം.
വളരെ ചെറിയ ചരക്കുകള്‍ കയറ്റാന്‍ മാത്രം ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള stability തീരെ കുറഞ്ഞ പെട്ടി ഓട്ടോറിക്ഷയില്‍ കേവലം ഒരടി മാത്രം ഉയരമുള്ള പുറകിലെ ചരക്ക് കയറ്റുന്ന പെട്ടിയില്‍ കാലികളേക്കാള്‍ മോശമായി യാത്ര നടത്തിയതിനെ ന്യായീകരിക്കുന്ന അജണ്ടയെ എങ്ങിനെ ന്യായീകരിക്കും.
ഗുഡ്‌സ് ഓട്ടോയിലെ പിറകിലെ കുട്ടികളെ ശ്രദ്ധിക്കാന്‍ ഓട്ടത്തിനിടയില്‍ ഡ്രൈവര്‍ക്ക് പറ്റില്ല. ശരിയായ ഒരു കൈപ്പിടിപോലുമില്ലാതെയാണ് കുട്ടികള്‍ ആ വണ്ടിയില്‍ യാത്ര ചെയ്തിരുന്നത്. വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്യേണ്ടി വരികയോ വെട്ടിത്തിരിക്കുകയോ ചെയ്യുമ്പോഴോ ഒരു കുട്ടിയുടെ ബാലന്‍സ് തെറ്റിയാല്‍ അടുത്തയാളെ പിടിച്ച് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നത് ഒരു ചെയിന്‍ റിയാക്ഷന്റെ ഫലം ചെയ്യുകയും ആ അപകടത്തിന്റെ ദാരുണ ഭാവം നമ്മുടെ സങ്കല്പങ്ങള്‍ക്കും അപ്പുറത്തായിരിക്കും എന്നുള്ള കാര്യം വിസ്മരിക്കരുത്. ഓര്‍ക്കുക, ചെറിയ ഉയരത്തില്‍ നിന്ന് വീണാല്‍ പോലും വാഹനത്തിന്റെ വേഗത നിമിത്തം ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാമെന്നിരിക്കെ ഇത്തരം കുറ്റം ചെയ്ത ഡ്രൈവറെ ന്യായീകരിക്കുന്നത് എന്തിന്റെ പേരിലായാലും അധാര്‍മ്മികതന്നെയാണ്...
മുന്‍ കാലങ്ങളില്‍ വഴിയില്‍ നിന്നും ലിഫ്റ്റ് കൊടുക്കുന്ന കുട്ടികളുമായി ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്.
കൂടാതെ ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങള്‍ കുറവായ ചില ഭാഗങ്ങളില്‍ ചരക്കു വാഹനങ്ങളില്‍ കൂട്ടമായി യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പ്പെടുന്ന ദാരുണ സംഭവങ്ങള്‍ സാധാരണമാണെന്നതും നാം ദയവായി മറക്കരുത്.
ഏറ്റവും വിലപ്പെട്ടതാണ് കുട്ടികളുടെ ആരോഗ്യവും ജീവനും.
അതിനാല്‍ ഏറ്റവും മുന്തിയ പരിഗണന തന്നെ കുട്ടികള്‍ക്ക് നാം റോഡില്‍ നല്‍കണം. അറിവില്ലായ്മയല്ല അത് അവകാശമാക്കുവാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ ദുരന്ത വ്യാപാരികള്‍ ...
ചാരായ വേട്ടയുടെയും മയക്ക് മരുന്ന് വേട്ടയുടെയും നിരയില്‍ ഹെല്‍മെറ്റ് വേട്ട എന്ന ഓമനപ്പേരിട്ട് കെട്ടുന്ന പോലുള്ള അധാര്‍മ്മികത.