School Children | സ്കൂൾ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോയ പിക്ക്അപ്പ് പിടിച്ചെടുത്തു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം
തിരുവനന്തപുരം: സ്കൂൾ കുട്ടികളെ (School Childrens) ത്രീ വീലർ ചരക്കുവാഹനത്തിന്റെ ലോഡ് കേബിനിൽ കയറ്റി വാഹനമോടിച്ച കുറ്റത്തിന് വാഹനം മോട്ടോർ വാഹന വകുപ്പ് (Motor Vehicle Department) അധികൃതർ പിടിച്ചെടുത്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് (Neyyattinkara) സംഭവം.
സ്കൂൾ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്ത KL 20 P 6698 എന്ന വാഹനമാണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡി യിലെടുത്തു. കുട്ടികളുടെ ജീവന് തന്നെ ഭീഷണി ആയേക്കാവുന്ന ഈ നടപടിക്ക് വാഹന ഉടമയും ഡ്രൈവറുമായ ഹാജ ഹുസൈൻ എന്നയാളുടെ ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കല്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി നെയ്യാറ്റിൻകര ജോയിന്റ് ആർടിഒ അറിയിച്ചു.
നെയ്യാറ്റിൻകര നെല്ലിമൂട് ന്യൂ ഹയർ സെക്കന്ററി സ്കൂൾ, പ്ലാവിള ഗവണ്മെന്റ് സ്കൂൾ അധികൃതരോട് ഇത്തരം പ്രവണതകൾ അനുവദിക്കരുതെന്നും ശ്രദ്ധയിൽപെട്ടാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനും മോട്ടോർ വാഹന വകുപ്പ് ഫീൽഡ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
advertisement
ഫിറ്റ്നസ്, ഇൻഷുറൻസ് ഇല്ല; 14 വാഹനങ്ങൾ പിടികൂടി
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും ഇൻഷുറൻസും ടാക്സും അടയ്ക്കാതെയും വിദ്യാർഥികളെ സ്കൂളുകളിൽ കൊണ്ടുപോകുന്നതിനായി നിരത്തിലിറക്കിയ 14 വാഹനങ്ങൾ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി കേസെടുത്തു. അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ കുട്ടികളെ എത്തിക്കുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് എതിരെയാണ് നടപടി എടുത്തത്. കേന്ദ്രീയ വിദ്യാലയത്തിന്റെ പരിസരത്ത് എംവിഐ അരുൺകുമാർ, എഎംവിഐമാരായ ജി.എൽ. റെജി, വി.ആർ. നിതിൻ, എം.ആർ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചത്.
advertisement
കേസെടുത്ത വാഹനങ്ങൾ ടാക്സ്, ഇൻഷുറൻസ് എന്നിവ അടച്ച് പരിശോധനയ്ക്ക് ഹാജരാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയതിനു ശേഷമേ സർവീസ് നടത്താൻ പാടുള്ളൂ എന്ന് മോട്ടർവാഹന ഉദ്യോഗസ്ഥർ വാഹന ഉടമകൾക്ക് കർശന നിർദേശം നൽകി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ സർവീസ് നടത്തരുതെന്ന കർശന നിർദേശമുണ്ടായിട്ടും അതെല്ലാം കാറ്റിൽപറത്തിയാണ് മിനി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടു പോകുന്നതായി മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്നാണ് ഇന്നലെ പരിശോധന ആരംഭിച്ചതും വാഹനങ്ങൾ പിടികൂടിയതും. പരിശോധന തുടരുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2022 10:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
School Children | സ്കൂൾ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോയ പിക്ക്അപ്പ് പിടിച്ചെടുത്തു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും


