വയനാട്ടിൽ നിന്ന് 26 പേരും പാലക്കാട് നിന്ന് 50 പേരുമാണ് ദൗത്യത്തിനായി കൈകോർത്തത്. കൂട്ടിലാക്കിയതോടെ ഇനി പി.ടി7 എന്ന ധോണിയെ കുങ്കിയാനയാക്കി മാറ്റാനുള്ള പരിശീലനങ്ങളിലേക്ക് കടക്കും. കൂട് പരിചയപ്പെടുന്നതിനായി പി.ടി 7ന് ഒരാഴ്ചത്തെ സമയം അനുവദിക്കുമെന്ന് വനം ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ പറഞ്ഞു.
പി.ടി7നെ മെരുക്കാനായി പുതിയ പാപ്പാനെ നിയോഗിക്കും. പാപ്പാൻ വഴിയായിരിക്കും ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നൽകുക. പാപ്പാനിൽ നിന്ന് ആന തീറ്റ നേരിട്ട് സ്വീകരിക്കുന്നത് വരെ പോസിറ്റീവ് ഇൻഡ്യൂസ്മെന്റ് എന്ന രീതി തുടരും. പി.ടി 7ന് പ്രത്യേക ഭക്ഷണ മെനുവും തയ്യാറാക്കിയിട്ടുണ്ട്. ആനയെ മർദിക്കാതെ അനുസരണശീലം പഠിപ്പിക്കുന്ന സമ്പ്രദായമാണ് സ്വീകരിക്കുന്നത്.
advertisement
ആനയ്ക്ക് നാലു മാസത്തിലേറെ പരിശീലനം വന്നേക്കാം. പി.ടി7ന് മനുഷ്യ സമ്പർക്കം പരിചയമുള്ളതിനാല്‍ മാറ്റം വേഗത്തിലുണ്ടാകുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ പ്രഭാതസവാരിക്കിറങ്ങിയ ഒരാളെ കൊലപ്പെടുത്തിയ കാട്ടാന വലിയ നാശനഷ്ടമാണ് ഈ മേഖലയിൽ വരുത്തിവെച്ചത്.
പാലക്കാട് ടസ്‌ക്കർ 7 അഥവാ പി ടി 7 എന്നായിരുന്നു ആന അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നാലു വർഷമായി ധോണിയിലെ ജനവാസ മേഖലയിൽ PT സെവൻ ഇറങ്ങാറുണ്ട് . 2021മാർച്ച് 1 മുതൽ 2022 മാർച്ച് 31വരെ 188 ദിവസം PT സെവൻ ജനവാസന മേഖലയിൽ ഇറങ്ങിയെന്നാണ് കണക്കുകൾ.