എൻ.ഐ.എ അന്വേഷിക്കുന്ന കേസിലെ ഫയലുകൾ നശിപ്പിച്ച സംഭവം അന്വേഷിക്കുന്നതിൽ എൻ.ഐ.എയ്ക്ക് പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ല. എന്നാൽ എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റ് ആയതിനാൽ സാങ്കേതിക തടസമുണ്ടായേക്കാം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി എന്നിവർക്ക് കത്ത് നൽകിയതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
പൊതുഭരണ വിഭാഗമാണ് മന്ത്രിമാരുടെയും വിവിഐപിമാരുടെയും വദേശയാത്ര ചാർട്ട് ചെയ്യുന്നത്. ചില വ്യക്തികൾക്ക് വി.ഐ.പി പരിഗണന നൽകാൻ തീരുമാനിക്കുന്ന ഫയലുകളും അവിടെയുണ്ട്. വിവാദ കേസിലെ നായകനായ മന്ത്രി കെ.ടി ജലീലിന്റെ വിദേശ യാത്ര സംബന്ധിച്ച ഫയലും ഇവിടെയാണ്. സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് വി.ഐ.പി പരഗണന നൽകിയോ എന്ന സംശയവുമുണ്ട്. തീപിടിത്തം ഇതു സംബന്ധിച്ച ഫയലുകൾ നശിപ്പിച്ചത് സാധൂകരിക്കാനായിരുന്നെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
advertisement
എൻഐഎയ്ക്ക് കൊടുക്കാതിരുന്ന ഫയലുകൾ എടുത്തുമാറ്റിയ ശേഷം പ്രോട്ടോകോൾ ഓഫീസർ തീപിടിത്തം എന്ന നാടകം നടത്തിയതാണോയെന്ന സംശയമുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഈ ഓഫീസിൽ ആളുണ്ടായിരുന്നു. വിവിധ വകുപ്പുകളിലുണ്ടായിരുന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പൊതുഭരണ വകുപ്പ് വിളിച്ചു വരുത്തിയിരുന്നു. നിയമസഭയിൽ മുഖ്യമന്ത്രിക്ക് അവിശ്വാസ പ്രമേയത്തിന് മറുപടി നൽകാൻ വേണ്ടിയായിരുന്നു ഇത്. ഈ ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ കസ്റ്റഡിയിലണ്. ആ ഫയലുകളാകാം വീട്ടിൽ കൊണ്ടു പോയോ അല്ലാതെയോ നശിപ്പിക്കപ്പെട്ടത്. ഫയലുകൾ നശിപ്പിച്ചതിന് സാധൂകരണം നൽകാനാണ് പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തമെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
ജനപ്രതിനിധികളെയും മാധ്യമ പ്രവർത്തകരെയും സെക്രട്ടേറിയറ്റിന് അകത്തുണ്ടായിരുന്നവരെയും പുറത്താക്കി ഗേറ്റ് അടയ്ക്കുന്ന സെക്യൂരിറ്റി ഓഫീസറുടെ പണിയാണ് ചീഫ് സെക്രട്ടറി ചെയ്തത്. പ്രതപക്ഷ നേതാവ് ഉൾപ്പെടെയുള്ള ഉന്നത ജനപ്രതിനിധികളെ പോലും കുത്തിയിരിപ്പ് സമരം നടത്തിയ ശേഷമാണ് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടത്തി വിട്ടതെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.