നിപ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട് നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കി. കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട് ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തി.
Also Read- നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സംഘം; മരിച്ചയാളുടെ വീട് സന്ദർശിച്ചു
advertisement
കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കി.
ആദ്യം രോഗം ബാധിച്ചത് മരുതോങ്കര സ്വദേശി മുഹമ്മദലിക്ക്
ഇത്തവണ ആദ്യം ബാധിച്ചത് ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഹമ്മദലി ചികിത്സ തേടിയെത്തിയ ആശുപത്രിയില്‍ തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് വ്യക്തമായതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യത്തെ നിപ രോഗിയെ ചികിത്സിച്ച ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ ഫലം നെഗറ്റീവ് എന്നും മന്ത്രി പറഞ്ഞു. മുഹമ്മദലിയില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നത്. അതിനിടെ സമ്പര്‍ക്കപ്പട്ടിക വീണ്ടും വിപുലീകരിച്ചു. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണം 1080 ആയി. 17 പേരാണ് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ മറ്റ് ജില്ലകളിലുള്ളവരും ഉള്‍പ്പെടുന്നു. മലപ്പുറം-22, കണ്ണൂര്‍-3, വയനാട്-1, തൃശൂര്‍- 3 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലുള്ളവരുടെ കണക്ക്. ഇതിനിടെ ഏറ്റവും ഒടുവിൽ നിപ ബാധിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.