ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് എങ്ങനെ മതവിശ്വാസത്തെ വൃണപ്പെടുത്തുന്നതാകുമെന്ന് എ എൻ ഷംസീർ പറഞ്ഞു. താൻ ആകാശത്തുനിന്ന് പൊട്ടി ഇറങ്ങിയതല്ല. വിദ്യാർത്ഥി സംഘടന കാലഘട്ടം മുതൽ മതേതരത്വത്തിന് വേണ്ടി വാദിക്കുന്നതാണ്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടല്ലോ എന്നും സ്പീക്കർ പറഞ്ഞു.
തനിക്ക് പ്രസംഗിക്കാൻ അവകാശമുള്ളതുപോലെ എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് അഭിപ്രായം പറയാനുള്ള അവകാശവും ഉണ്ട്. താൻ ഭരണഘടനയിലെ ഒരു ഭാഗം മാത്രമാണ് എടുത്തു പറഞ്ഞത്. അത് മതവിശ്വാസത്തെ മുറിപ്പെടുത്താനല്ല. വിദ്വേഷ പ്രചാരണത്തിൽ വിശ്വാസികൾ വീണുപോകരുതെന്ന് സ്പീക്കർ പറഞ്ഞു.
advertisement
ദൗർഭാഗ്യകരമായ പ്രചരണം ആണ് ഉണ്ടായതെന്ന് ഷംസീർ പറഞ്ഞു. ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടി കലർത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം തിങ്കളാഴ്ച തുടങ്ങുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു. ഓഗസ്റ്റ് 7 മുതൽ 24 വരെ സഭ സമ്മേളിക്കും. ഓഗസ്റ്റ് ഏഴിന് ഉമ്മൻചാണ്ടിക്ക് റഫറൻസ് രേഖപ്പെടുത്തി സഭ പിരിയും. സുപ്രധാനമായ ചില ബില്ലുകൾ സഭ ചർച്ച ചെയ്യും. 10 നിയമ നിർമാണങ്ങൾ സഭ സമ്മേളനകാലത്ത് നടക്കുമെന്ന് സ്പീക്കർ പറഞ്ഞു.
Also Read- ‘ഷംസീറിന്‍റെ പ്രസ്താവന തിരുത്തുകയുമില്ല, മാപ്പും പറയില്ല’: എം. വി ഗോവിന്ദൻ
അതിനിടെ സ്പീക്കർ എ എൻ ഷംസീർ നടത്തിയ പ്രസ്താവന തിരുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഷംസീറിന്റെ പ്രതികരണത്തിൽ ജനങ്ങൾക്കിടയിൽ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണ്. സിപിഎം ഏതെങ്കിലും മതവിശ്വാസത്തെ എതിർക്കുന്ന പാർട്ടിയല്ല. സിപിഐഎം മതവിശ്വാസത്തിനെതിരായ പാർട്ടിയാണെന്ന പ്രചാരണം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.