'ഷംസീറിന്‍റെ പ്രസ്താവന തിരുത്തുകയുമില്ല, മാപ്പും പറയില്ല': എം. വി ഗോവിന്ദൻ
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ കാര്യത്തിൽ ഒരു ജാഗ്രതക്കുറവും ഷംസീറിന് ഉണ്ടായിട്ടില്ല, ഷംസീറിനെ പാർട്ടി ശക്തമായി പ്രതിരോധിക്കും
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീർ നടത്തിയ പ്രസ്താവന തിരുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഷംസീറിന്റെ പ്രതികരണത്തിൽ ജനങ്ങൾക്കിടയിൽ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണ്. സിപിഎം ഏതെങ്കിലും മതവിശ്വാസത്തെ എതിർക്കുന്ന പാർട്ടിയല്ല. സിപിഐഎം മതവിശ്വാസത്തിനെതിരായ പാർട്ടിയാണെന്ന പ്രചാരണം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വിശ്വാസികളെ സംബന്ധിച്ച് സിപിഎമ്മിന് ഉള്ളത് കൃത്യതയാർന്ന നിലപാടാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഗണപതി ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തട്ടേ, അതിൽ എതിർപ്പില്ല അത് രാഷ്ട്രീയ ആയുധമായി മാറുന്നില്ലെ എന്നാണ് സംശയമെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.
2014 ഒക്ടോബർ 25 ന് പ്രധാന മന്ത്രി പറഞ്ഞത് പ്ലാസ്റ്റിക് സർജറിയിലൂടെ അല്ലേ ഗണപതി എന്ന് പറഞ്ഞു. ഇതിനെയൊക്കെ ചരിത്രത്തിന്‍റെ ഭാഗമായി മാറ്റാൻ ശ്രമം. മിത്തുകളെ അങ്ങനെ കാണണം. കേരള രൂപീകരണം സംബന്ധിച്ചും ഇത്തരം മിത്ത് ഉണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
advertisement
ജനങ്ങൾക്ക് ഇടയിൽ ധ്രുവികരണം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മതവിശ്വാസങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്ന പാർട്ടിയല്ല സിപിഎം. എല്ലാ കാലത്തും സിപിഎമ്മിനെതിരെ ഇത്തരം ആരോപണം ഉണ്ടാകാറുണ്ട്. ജവഹർലാൽ നെഹ്റു തികഞ്ഞ ഭൗതികവാദിയായിരുന്നു. വിശ്വാസികളെ സംബന്ധിച്ച കൃത്യമായ സമീപനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിൻറെ പേരിൽ ശാസ്ത്രത്തിൻറെ മീതെ കുതിര കയറരുതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തെറ്റായ പ്രവണതകളെ ഒന്നും വച്ചു പൊറുപ്പിക്കാൻ സാധിക്കില്ല. വിശ്വാസികൾക്ക് വിശ്വാസികളുടെ രീതിയിലും അവിശ്വാസികൾക്ക് അവരുടെ രീതിയിലും പ്രവർത്തിക്കാം. ഒരാളുടെ മേലിൽ കുതിര കേറാൻ വരണ്ട. ചരിത്രം ചരിത്രമായി കാണണം. മിത്ത് മിത്തായി കാണണം. ശാസ്ത്രം ശാസ്ത്രമായി കാണണം. ശരിയായ ദിശാബോധത്തോടെ കാണാൻ കഴിയണം. ശാസ്ത്രത്തെ തള്ളിപ്പറഞ്ഞു മുന്നോട്ട് പോകാൻ പാടില്ല. ആരെങ്കിലും വിമർശിച്ചാൽ അവരെല്ലാം ഹിന്ദുക്കൾക്ക് എതിരാണ് എന്ന പ്രചാരവേല ശരിയല്ല. ഷംസീർ പറഞ്ഞത് മുഴുവൻ ശരിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
advertisement
ഈ കാര്യത്തിൽ ഒരു ജാഗ്രതക്കുറവും ഷംസീറിന് ഉണ്ടായിട്ടില്ലെന്ന് സിപിഎം സെക്രട്ടറി വ്യക്തമാക്കി. ഷംസീറിനെ പാർട്ടി ശക്തമായി പ്രതിരോധിക്കും. ഗണപതി മിത്ത് തന്നെ അത് പറയാൻ ഒരു മടിയുമില്ല. വിശ്വാസികൾക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാം. മിത്തുകൾ വിശ്വാസികൾക്ക് അവതാരങ്ങൾ ആകാം അവർ അങ്ങനെ വിശ്വസിച്ചോട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 02, 2023 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷംസീറിന്‍റെ പ്രസ്താവന തിരുത്തുകയുമില്ല, മാപ്പും പറയില്ല': എം. വി ഗോവിന്ദൻ