തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 25000 രൂപ
തിരുവനന്തപുരത്ത് ഐടി കമ്പനി ജീവനക്കാരനായ വിഷ്ണുവിന് അക്കൗണ്ടിൽ നിന്നും രണ്ടുതവണയായി നഷ്ടമായത് 25000 രൂപയാണ്. കാനഡ ഇമിഗ്രേഷൻ നടപടികളുടെ ഫീസിനത്തിൽ പണം പിൻവലിക്കപ്പെട്ടു എന്നാണ് ബാങ്കിൽ നിന്നും ലഭിച്ച സന്ദേശം. ഇത്തരം ഇടപാടുകൾ ഒന്നും നടത്താത്തതിനാൽ ബാങ്കുമായി ബന്ധപ്പെട്ടു. അക്കൗണ്ട് വിവരങ്ങൾ ചോർത്തി വിദേശത്തു നിന്നാണ് തട്ടിപ്പ് നടത്തിയത് എന്ന് മനസ്സിലായി. ഒടിപി നമ്പർ ആവശ്യപ്പെടാതെ എങ്ങനെ പണം പിൻവലിക്കപ്പെട്ടു എന്ന ചോദ്യത്തിന് ബാങ്ക് അധികൃതരും കൈമലർത്തുകയാണ്. പഠനാവശ്യത്തിനായി, വിദേശത്തുള്ള ഒരു വെബ്സൈറ്റിൽ അക്കൗണ്ട് വിവരങ്ങൾ നൽകിയിരുന്നു. ഇതുവഴി തട്ടിപ്പുകാർ അക്കൗണ്ട് വിവരങ്ങൾ ചോർത്തി എടുത്തുവെന്നാണ് കരുതുന്നത്.
advertisement
Also Read-Fire accident| തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടുത്തം
അന്താരാഷ്ട്ര ഇടപാട് സൗകര്യം പഴുതാക്കി തട്ടിപ്പ്
പുതിയകാല ബാങ്കിംഗ് സേവനങ്ങളിൽ പ്രധാനപ്പെട്ടതാണ് അന്താരാഷ്ട്ര ഇടപാട് സൗകര്യം. മിക്ക ബാങ്കുകളും തങ്ങളുടെ ഓഫറായി ഇത് അക്കൗണ്ട് ഉടമകൾക്ക് നൽകുന്നു. വിദേശത്തും മറ്റും പോകുമ്പോൾ ഇന്ത്യയിലെ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഈ നേട്ടം. എന്നാൽ എന്നാൽ ഇത് പഴുതാക്കിയാണ് വിദേശത്തുനിന്നും തട്ടിപ്പ് നടക്കുന്നത്. തിരുവനന്തപുരം സ്വദേശിക്കും പണം നഷ്ടമായത് സമാന വഴിയിൽ ആണെന്നാണ് കരുതുന്നത്. വൺ ടൈം പാസ്സ്‌വേർഡ് അഥവാ ഒ ടി പി നമ്പർ ഇടപാടുകാർക്ക് നൽകുന്നത് ഇരട്ട സുരക്ഷയാണ്. എടിഎം കാർഡ് മോഷണം പോയാലും, അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ പണം പിൻവലിക്കാൻ കഴിയില്ല. അക്കൗണ്ട് വിവരങ്ങൾ ചോർന്നാലും ഒ ടി പി നമ്പർ നൽകിയാലേ ഓൺലൈൻ ഇടപാടുകൾ സാധ്യമാകൂ. ഈ ഇരട്ട സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് പുതിയ തട്ടിപ്പ്. അന്താരാഷ്ട്ര ഇടപാടു സൗകര്യമുള്ള അക്കൗണ്ടുകളിൽ നിന്നും ഒ ടി പി നമ്പർ ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ കഴിയും എന്ന് അർത്ഥം.
പണം നഷ്ടമായി എന്നറിഞ്ഞാൽ ചെയ്യേണ്ടത്
അന്താരാഷ്ട്ര ഇടപാട് ആവശ്യമുള്ളവർ മാത്രമേ , ഈ സൗകര്യം ഉപയോഗപ്പെടുത്താവൂ. സാധാരണ ഇടപാട് മാത്രം നടത്തുന്നവർ, ബാങ്കുകളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഇടപാട് സൗകര്യം നിർത്തലാക്കണം. ബാങ്കുകളുടെ വെബ്സൈറ്റിൽ കയറി ഉപഭോക്താവിന് തന്നെ ഇത് ചെയ്യാവുന്നതാണ്.
പണം നഷ്ടമായി എന്ന് അറിഞ്ഞാൽ അടിയന്തരമായി ബാങ്കുമായി ബന്ധപ്പെടണം. ബാങ്ക് നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച്, സൈബർ നിയമ പ്രകാരമുള്ള എഫ് ഐ ആർ രജിസ്റ്റർ ചെയ്യണം. ഇത്തരം നടപടിക്രമങ്ങൾ പാലിച്ചതു മൂലം തിരുവനന്തപുരത്ത് പണം നഷ്ടമായ യുവാവിന്, പതിനായിരം രൂപയോളം തിരികെ കിട്ടി.