1970- ആദ്യ ജയം
പാർട്ടി കടുത്ത പ്രതിസന്ധിയെ നേരിടുന്ന സമയത്താണ് ഉമ്മൻചാണ്ടിയുടെ കന്നിയങ്കം. അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഉമ്മൻ ചാണ്ടിയുടെ ചിഹ്നം തെങ്ങ്. സി.പി.എമ്മിലെ സിറ്റിംഗ് എം.എല്‍.എ ഇ.എം. ജോർജിനെ വാശിയേറിയ ത്രികോണ മത്സരത്തിൽ 1970 സെപ്‌തംബര്‍ 17ന് ഉമ്മൻചാണ്ടി അടിയറവ് പറയിച്ചു. ജയം 7,288 വോട്ടുകള്‍ക്ക്. 1970 ഒക്ടോബര്‍ നാലിന് ഉമ്മൻചാണ്ടി പുതുപ്പള്ളിയുടെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രായം 27 വയസ്. 30 വയസിൽ താഴെയുള്ള അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൻമാർ അന്ന് നിയമസഭയിലേക്ക് ജയിച്ചുകയറിയതും ചരിത്രമായിരുന്നു. അടിയന്തരാവസ്ഥ കാരണം ഏഴുവർഷം കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് നടന്നത്.
advertisement
1977- രണ്ടാം ജയം
അടിയന്തരാവസ്ഥക്കാലത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനതാ പാര്‍ട്ടിയിലെ പി.സി ചെറിയാനെതിരെ തിളക്കം കൂടിയ ജയമാണ് ഉമ്മൻചാണ്ടി നേടിയത്. 15,910 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. കോൺഗ്രസ് മുന്നണി 111 സീറ്റുകളുമായി കെ കരുണാകരന്‍റെ കീഴിൽ അധികാരത്തിലേറിയപ്പോൾ ഉമ്മൻചാണ്ടി തൊഴിൽവകുപ്പ് മന്ത്രിയായി. വയസ് 33. എന്നാൽ രാജൻകേസിലെ കോടതിവിധിയെ തുടർന്ന് ഒരു മാസത്തിനകം കരുണാകരൻ സർക്കാർ രാജിവെച്ചു. 36-ാം വയസിൽ എ കെ ആന്‍റണി മുഖ്യമന്ത്രിയായി. ഉമ്മൻചാണ്ടി അടക്കമുള്ള മന്ത്രിമാർ തുടർന്നു.
1980- മൂന്നാം ജയം
കോൺഗ്രസ് യു ഉൾപ്പെട്ട ഇടതുമുന്നണിക്കൊപ്പമായിരുന്നു ഉമ്മൻചാണ്ടി മൂന്നാം തവണ മത്സരിച്ചത്.
എതിരാളി കോൺഗ്രസ് മുന്നണിയിലെ എൻ.ഡി.പിയിലെ എം.ആര്‍.ജി പണിക്കര്‍. ജയം 13,659 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ കോൺഗ്രസ് പിളരുകയും കേരളത്തിലെ ഒരു വിഭാഗം ദേവരാജ് അരശ് അധ്യക്ഷനായ കോൺഗ്രസ് യു വിന് ഒപ്പം ഇടതുമുന്നണി സർക്കാരിന്റെ ഭാഗമാകുകയും ചെയ്തു. 16 മാസത്തിനൊടുവിൽ കോൺഗ്രസ് യു പിന്തുണ പിൻവലിച്ചു. എ കെ ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ്-എ രൂപീകരിച്ചു. ഉമ്മൻചാണ്ടി പാർലമെന്‍ററി പാർട്ടി നേതാവായി. കോണ്‍ഗ്രസ് – എ ഉള്‍പ്പെടുന്ന 71 പേരുടെ പിന്തുണയുമായി കെ. കരുണാകരൻ മുഖ്യമന്ത്രിയായി 1981 ഡിസംബർ 28ന് പുതിയ മന്ത്രിസഭ നിലവിൽ വന്നു. ഉമ്മൻ ചാണ്ടി ആഭ്യന്തരമന്ത്രിയായപ്പോൾ വയസ് 37.
1982- നാലാം ജയം
രണ്ടു വർഷത്തിനുശേഷം കോൺഗ്രസ് മുന്നണിയിൽ. ഇത്തവണ സ്വതന്ത്രസ്ഥാനാര്‍ത്ഥി തോമസ് രാജനെതിരെ ഭൂരിപക്ഷം 15,983 വോട്ടിന്. 1982 ഡിസംബര്‍ 13ന് ഇന്ദിരാഗാന്ധി പങ്കെടുത്ത് കൊച്ചിയില്‍ ചേർന്ന മഹാസമ്മേളനത്തില്‍ രണ്ടു കോണ്‍ഗ്രസുകളും (A -I ) ലയിച്ചു. കെ. കരുണാകരൻ നിയമസഭാ കക്ഷിനേതാവും ഉമ്മൻചാണ്ടി ഉപനേതാവുമായി.
1987- അഞ്ചാം ജയം
അഞ്ചാം തവണ ഉമ്മൻചാണ്ടിയെ വെല്ലുവിളിക്കാൻ ഇറങ്ങിയത് സിപിഎമ്മിലെ യുവനേതാവ് വി എൻ വാസവൻ. ഇടത് പ്രവർത്തകരും നേതാക്കളും കൈയ്യും മെയ്യും മറന്ന് ഉമ്മൻചാണ്ടിയെന്ന അതികായനെ വീഴ്ത്താൻ രംഗത്തിറങ്ങി.ഭൂരിപക്ഷം അൽപ്പം കുറഞ്ഞെങ്കിലും ഉമ്മൻചാണ്ടി അഞ്ചാം തവണയും പുതുപ്പള്ളിക്കാരുടെ പ്രതിനിധിയായി സഭയിലെത്തി. ഭൂരിപക്ഷം 9,164 വോട്ടുകൾക്ക്.
1991- ആറാം ജയം
പുതുപ്പള്ളി പിടിക്കാൻ സിപിഎം ഒരിക്കൽക്കൂടി വി എൻ വാസവനെ നിയോഗിച്ചു. എന്നാൽ ഇത്തവണയും വിജയം ഉമ്മൻചാണ്ടിക്കൊപ്പമായിരുന്നു. 13,811 വോട്ടുകൾക്കായിരുന്നു ഉമ്മൻചാണ്ടിയുടെ ആറാം ജയം. 1991 ജൂണ്‍ 24ന് കെ കരുണാകരൻ നേതൃത്വം നൽകിയ മന്ത്രിസഭയിൽ ധനമന്ത്രിയായത് ഉമ്മൻചാണ്ടി. എന്നാൽ ഏറെ വൈകാതെ രാജിവെച്ചു.
1996- ഏഴാം ജയം
ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ പതിനെട്ടടവും പയറ്റിയ സിപിഎം ഇത്തവണ രംഗത്തിറക്കിയത് റെജി സഖറിയ എന്ന ചെറുപ്പക്കാരനെ. എന്നാൽ മത്സര ഫലം മാറ്റമില്ലാതെ തുടർന്നു. ഉമ്മൻചാണ്ടി 10155 വോട്ടുകൾക്ക് ഏഴാം തവണയും നിമയസഭയിലേക്ക് ജയിച്ചുകയറി.
2001- എട്ടാം ജയം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കമെത്തിയപ്പോൾ ഉമ്മൻചാണ്ടി കേരളരാഷ്ട്രീയത്തിൽ പകരംവെക്കാനാകാത്ത നേതാവായി മാറി. എന്നാൽ എട്ടാം തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അപ്രതീക്ഷിത എതിരാളി എത്തി. കോൺഗ്രസുമായി പിണങ്ങിയ ഉറ്റ സുഹൃത്ത് ചെറിയാൻ ഫിലിപ്പ് ഇടതുസ്വതന്ത്രനായി. എന്നാൽ വിജയം പതിവ് പോലെ ഉമ്മൻചാണ്ടിക്കൊപ്പം നിന്നു. 12,575 വോട്ടുകൾക്കായിരുന്നു വിജയം. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ കെ ആന്‍റണി രാജിവെച്ചതോടെ 2004 ഓഗസ്റ്റ് 31ന് ഉമ്മൻചാണ്ടി ആദ്യമായി കേരളത്തിന്‍റെ മുഖ്യമന്ത്രിയായി.
2006- ഒൻപതാം ജയം
ഇത്തവണയും ചെറുപ്പത്തിന്‍റെ പ്രസരിപ്പുമായി ഉമ്മൻചാണ്ടിയെ വെല്ലുവിളിക്കാൻ സിപിഎം രംഗത്തിറക്കിയത് എസ്എഫ്ഐയുടെ സംസ്ഥാന നേതാവായിരുന്ന സിന്ധു ജോയിയെയായിരുന്നു. എന്നാൽ സിപിഎമ്മിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അതുവരെയുള്ള മികച്ച വിജയം നേടിയാണ് ഉമ്മൻചാണ്ടി 2006ൽ നിയമസഭയിലെത്തിയത്. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 19,863 ആയി.
2011- പത്താം ജയം
പുതുപ്പള്ളിയുടെ രാഷ്ട്രീയഭൂമികയിൽ മറ്റൊരാൾക്കും ഇടമില്ലെന്ന ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ തിളക്കമേറിയ ജയം. അധികാരത്തിലെത്തിയാൽ യുഡിഎഫിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് എത്തുമെന്ന് ഉറപ്പിച്ച തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ 33,255 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിൽ സിപിഎമ്മിലെ സുജ സൂസൻ ജോർജിനെയാണ് തോൽപ്പിച്ചത്. എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 2011ൽ 72 സീറ്റുകൾ നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. ഉമ്മൻചാണ്ടി രണ്ടാമതും മുഖ്യമന്ത്രിയായി.
2016- പതിനൊന്നാം ജയം
ഉമ്മൻചാണ്ടിയെ താഴെയിറക്കാൻ സിപിഎം വീണ്ടുമൊരു എസ്എഫ്ഐ നേതാവിനെ രംഗത്തിറക്കി. അതും പുതുപ്പള്ളിക്കാരനായ ജെയ്ക്ക് സി തോമസ്. എന്നാൽ ഉമ്മൻചാണ്ടി കുലുങ്ങിയില്ല. 27092 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അദ്ദേഹം പതിനൊന്നാം തവണയും നിയമസഭയിലെത്തി.
2021- പന്ത്രണ്ടാം ജയം
മുന്നണിയിലും പാർട്ടിയിലും പഴയ പ്രതാപത്തിന് ചെറുതായി മങ്ങലേറ്റു തുടങ്ങിയ ഉമ്മൻചാണ്ടിയെ വീഴ്ത്താൻ ഒരിക്കൽക്കൂടി സിപിഎം ജെയ്ക്കിനെ തന്നെ രംഗത്തിറക്കി. ഉമ്മൻചാണ്ടിയെ വീഴ്ത്താൻ ഇത്തവണ സിപിഎം എല്ലാ കരുത്തുമുപയോഗിച്ച് പോരാടി. എന്നാൽ 27000ൽനിന്ന് ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം ഒമ്പതിനായിരത്തിലേക്ക് കുറയ്ക്കാനായി എന്നതാണ് സിപിഎമ്മിന് ആശ്വസിക്കാനുണ്ടായിരുന്നത്.
News Summary- Oommen Chandy is a leader who has written history in terms of Kerala assembly elections. Oommen Chandy’s electoral history is undefeated. He won 12 times to the assembly. Each time Jaya got brighter.