കെട്ടിടം വീണ് ബിന്ദുവെന്ന സ്ത്രീയുടെ ജീവൻ പൊലിഞ്ഞപ്പോൾ അധികൃതർ ഉണർന്നു. പുതിയ കെട്ടിടത്തിലെ വാർഡ് തൂത്തുവാരി തകർന്ന കെട്ടിടത്തിലെ വാർഡുകളിൽനിന്നു രോഗികൾക്ക് പുത്തൻ കെട്ടിടത്തിലെ വാർഡ് തുറന്നുകൊടുത്തു. 10,11,12,13,14,15, 17,24 വാർഡുകളും റേഡിയോ ഡയഗ്നോസിസ് വകുപ്പും സെൻട്രൽ സ്‌റ്റെറൈൽ സപ്ലൈ വകുപ്പും പുതിയ സർജിക്കൽ ബ്ലോക്കിലേക്കും സിഎൽ 4 വാർഡിലേക്കും മാറ്റി പ്രവർത്തനം ആരംഭിച്ചതായി ഇന്നലെ രാത്രി 10 മണിയോടെ ഔദ്യോഗിക അറിയിപ്പും വന്നു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഈ വാര്‍ഡുകള്‍ പ്രവർത്തിച്ചിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് പൊളിഞ്ഞുവീണത്. തകര്‍ന്ന് വീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി ഒരു സ്ത്രീ മരിക്കുകയും ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
advertisement
തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പൊലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം.