പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം ഒരു പരമാധികാര രാഷ്ട്രത്തിന്റെ അതിർത്തി ലംഘിച്ച് മറ്റൊരു രാജ്യം യുദ്ധം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. "ഏറ്റവും നികൃഷ്ടമായ ഇടപെടലാണ് വെനസ്വേലയിൽ ഉണ്ടായത്. മുൻകൂട്ടി ആസൂത്രണംചെയ്ത രീതിയിൽ ആ രാജ്യത്തിന്റെ ഭരണാധികാരിയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്ത്, കണ്ണ് മൂടിക്കെട്ടിയ നിലയിൽ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയ അവസ്ഥയിൽ, ബന്ധനത്തിലായ വെനസ്വേലൻ പ്രസിഡന്റ്. എന്താണിത്? എത്ര വലിയ തെമ്മാടിത്തമാണ്? എത്ര വലിയ കാടത്തമാണ്. എവിടെയാണ് രാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും?" - അദ്ദേഹം ചോദിച്ചു.
advertisement
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ പാരമ്പര്യമുള്ള ഇന്ത്യക്ക് ഇന്ന് അമേരിക്കയെ ഭയന്ന് മിണ്ടാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജവഹർലാൽ നെഹ്‌റുവിന്റെ കാലത്ത് മൂന്നാം ലോക രാജ്യങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ പോരാളികളുടെയും കരുത്തുറ്റ ശബ്ദമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആക്രമണങ്ങളെ അപലപിക്കാൻ പോലും കേന്ദ്ര ഗവൺമെന്റിന്റെ നാക്ക് അനങ്ങുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
നമ്മുടെ രാജ്യവുമായി ദീർഘകാലത്തെ ഊഷ്മളമായ ബന്ധം നിലനിർത്തി പോരുന്ന വെനസ്വേല, അവരുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും അപകടപ്പെടുത്തിക്കൊണ്ട് മറ്റൊരു രാജ്യം, അമേരിക്കൻ സാമ്രാജ്യത്വമെന്ന ലോകത്തിന്റെ മുന്നിലുള്ള യുദ്ധക്കുറ്റവാളി ആക്രമണം നടത്തിയപ്പോൾ അതിനെ അപലപിച്ചുകൊണ്ട് ഒരു വാക്ക് ഉച്ചരിക്കാൻ നമ്മുടെ രാജ്യത്തിന് കഴിയുന്നില്ല. നാം ആണ് അപമാനിതരാകുന്നത്. ഇന്ത്യ എന്ന രാജ്യമാണ് അപമാനിതമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേൽ ആക്രമണങ്ങളെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിയെയാണ് നാം കണ്ടത്. അമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന എല്ലാ അധിനിവേശങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുകയാണ്. ഇന്ത്യയുമായി ദീർഘകാല ബന്ധമുള്ള വെനസ്വേല ആക്രമിക്കപ്പെടുമ്പോൾ നിശബ്ദത പാലിക്കുന്നത് വഴി ഇന്ത്യ എന്ന രാജ്യം ലോകത്തിന് മുന്നിൽ അപമാനിതയാവുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
