സ്വന്തം പിതാവ് പി ടി ചാക്കോയോട് ഒരു വിഭാഗം കോൺഗ്രസുകാർ കാണിച്ച നന്ദികേടിന്റെ ഫലമായി രൂപം കൊണ്ട പാർട്ടി. ആ പാർട്ടിക്ക് കോട്ടയം തിരുനക്കര മൈതാനത്തു വച്ച് മന്നത്തു പത്മനാഭൻ നൽകിയ കേരളാ കോൺഗ്രസ് എന്ന പേര്. ആ പേരുമാത്രമാണ് രാഷ്ട്രീയത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പി സി തോമസിന് ആസ്തിയായി ഉണ്ടായിരുന്നത്. ആ ഒറ്റപ്പേരുകൊണ്ടു തന്നെ ഇപ്പോൾ അദ്ദേഹത്തിന് പുതിയ അസ്തിത്വവും ആസ്തിയും കൈവരികയാണ്. പി ജെ ജോസഫിന്റെ പാർട്ടി ആ പേരിലേക്കാണ് ചെന്നു ലയിക്കുന്നത്.
advertisement
Also Read- എൻഡിഎ വിട്ട് പിസി തോമസ് ജോസഫിനൊപ്പം; കേരള കോൺഗ്രസിൽ വീണ്ടും ലയനം
രണ്ടാം കേരള മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്ന് പി ടി ചാക്കോയെ പുറത്താക്കിയതിനെ തുടർന്ന് ഉണ്ടായതാണ് കേരളാ കോൺഗ്രസ്. ഇന്നത്തെ പാലാ ആയ പഴയ മീനച്ചിലിന്റെ എംഎൽഎ ആയിരുന്ന ചാക്കോ കോൺഗ്രസിൽ നിന്നു രാജിവച്ച് വക്കീൽ ജോലിപോലും ആരംഭിച്ചിരുന്നു. ഒരു കേസ് നടപടിക്കായി കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു മരണം. ചാക്കോയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോൺഗ്രസ് വിട്ട കെ എം ജോർജിന്റെ നേതൃത്വത്തിലുള്ള 15 എംഎൽഎമാരാണ് കേരളാ കോൺഗ്രസ് ഉണ്ടാക്കിയത്. ആ കെ എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജും പി ടി ചാക്കോയുടെ മകൻ പി സി തോമസും ഇനി ഒരു പാർട്ടിയിൽ.
കെ എം മാണിയോട് കലഹിച്ച് മൂവാറ്റുപുഴയിൽ എൻഡിഎ പിന്തുണയോടെ മൽസരിച്ചു ജയിച്ചു തുടങ്ങിയതാണ് പി സി തോമസിന്റെ വഴിമാറിയുള്ള നടത്തം. അതിനാണ് ഇപ്പോൾ വീണ്ടും മാറ്റമുണ്ടാകുത്. 91ൽ കുതിര ചിഹ്നം നഷ്ടമായ ശേഷം പി ജെ ജോസഫും ബ്രാക്കറ്റില്ലാത്ത ഒരു പാർട്ടിയുടെ അമരക്കാരനാവുകയാണ്. രണ്ടില ചിഹ്നത്തിന്റെ അവകാശം സുപ്രീം കോടതിയും ജോസ് കെ മാണിക്കു നൽകിയതോടെയാണ് സ്വന്തം പാർട്ടിയെ നിലനിർത്താൻ ജോസഫ് പി സി തോമസുമായി ലയിച്ചത്. പുതിയ പാർട്ടി രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങാനുള്ള സമയം ഇല്ലാത്തതായിരുന്നു കാരണം.
ഇന്നലെ രാത്രി നടന്ന ചർച്ചയിലാണ് എൻ ഡി എ വിടാൻ പിസി തോമസ് തീരുമാനിച്ചത്. ഇന്ന് കടുത്തുരുത്തിയിൽ ലയനം നടക്കും. പി ജെ ജോസഫ് ചെയർമാനും പി സി തോമസ് ഡെപ്യൂട്ടി ചെയർമാനും മോൻസ് ജോസഫ് വൈസ് ചെയർമാനുമാകാനുമാണ് ധാരണ. സീറ്റ് നിഷേധിച്ചതിനാലാണ് എൻഡിഎ വിടുന്നതെന്ന് പിസി തോമസ് പ്രതികരിച്ചു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് സുപ്രീംകോടതി അനുവദിച്ചതോടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മുന്നിൽ പാർട്ടി ചിഹ്നം ചോദ്യചിഹ്നം ആയത്.