ഖുർആൻ കോപ്പികൾ എവിടെയും കിട്ടുമെന്നിരിക്കെ യു.എ.ഇയിൽ നിന്നും എത്തിച്ചതിൽ ദുരൂഹതയുണ്ട്. ഖുർ ആന്റെ തൂക്കത്തേക്കാൾ 20 കിലോ കൂടുതലുണ്ടായിരുന്നെന്നാണ് കസ്റ്റംസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഖുർ ആൻ പാക്കറ്റിൽ നിന്ന് 24 കോപ്പികൾ സി ആപ്റ്റിലുള്ള ജീവനക്കാർ എടുത്തെന്നാണ് ഇപ്പോൾ ജലീൽ പറയുന്നത്. ഖുർആൻ കോപ്പികൾ എടുത്തെന്ന് പറയാൻ ജലീൽ സി ആപ്ട് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇന്ന് പുലർച്ചെ സി.ആപ്റ്റ് എം.ഡിയുമായും മുൻ എം.ഡിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയി്ട്ടുണ്ട്. ഇത് തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
advertisement
ഖുർആൻ കൊണ്ട് വന്നതിനാണ് താൻ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നാണ് ജലീൽ മതനേതാക്കളോട് പറയുന്നത്. അത്‌കൊണ്ട് തന്നെ സഹായിക്കണമെന്ന് മതനേതാക്കളോട് ആവശ്യപ്പെടുകയാണെന്നും പി.കെ. ഫിറോസ് ആരോപിച്ചു.
കോൺസുലേറ്റിൽ നിന്നും എത്തിച്ച ഖുർആൻ എടപ്പാളിലും ആലത്തിയൂരിലും ഭദ്രമായി ഇരിപ്പുണ്ടെന്നാണ് ഓഗസ്ത് ആറിന് മന്ത്രി പ്രതികരിച്ചത്. ഇതാർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ, തൂക്കത്തിൽ 20 കിലോ വ്യത്യാസം ഉണ്ട് എന്ന് കണ്ടെത്തിയതോടെയാണ് 24 കോപ്പികൾ സി.ആപ്റ്റിലെ ജീവനക്കാർ എടുത്തിട്ടുണ്ടെന്ന് ഇപ്പോൾ പറയുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച സി.ആപ്റ്റിലെ ജീവനക്കാരെ അടിയന്തിരമായി സ്ഥലംമാറ്റി ഇറക്കിയിരിക്കുന്ന ഉത്തരവ് ദുരൂഹമാണ്. ഇതും തെളിവുകൾ നശിപ്പിക്കാനുള്ളതിന്റെ ഭാഗമായിട്ടാണോയെന്ന് സംശയമുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.