ഇന്റർഫേസ് /വാർത്ത /Kerala / 'പഠിച്ച കള്ളന്മാരെക്കാള്‍ കേമനാണെന്ന് ജലീൽ തെളിയിച്ചു; ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം കാശിക്ക് പോയോ?': ചെന്നിത്തല

'പഠിച്ച കള്ളന്മാരെക്കാള്‍ കേമനാണെന്ന് ജലീൽ തെളിയിച്ചു; ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം കാശിക്ക് പോയോ?': ചെന്നിത്തല

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

"ലൈഫ് മിഷനില്‍ നിന്ന് കമ്മീഷനടിച്ച സ്വപ്നാ സുരേഷുമായി മന്ത്രി പുത്രന് എന്തു ബന്ധം? മന്ത്രി പുത്രനും കമ്മീഷന്‍ കിട്ടിയോ? ഈ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിലാണ്."

  • Share this:

തിരുവനന്തപുരം:  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് രാഷ്ട്രീയ താൽപര്യമാണെന്ന് എന്നു മുതലാണ് സി.പി.എമ്മിന് തോന്നിത്തുടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് അദ്ദേഹം ഓരോ പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതെന്തിന്, അവര്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തട്ടെ, എന്നാണ് മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞിരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇ.ഡി രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എമ്മിന് തോന്നിത്തുടങ്ങിയത് പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകനെയും മന്ത്രിസഭയിലെ ഒരു മന്ത്രിയെയും ചോദ്യം ചെയ്തതു മുതലാണ്. മറ്റൊരു മന്ത്രി പുത്രന്‍ കൂടി കുടുങ്ങുമെന്ന് വന്നപ്പോഴും ഇ.ഡിക്ക് രാഷ്ട്രീയ താത്പര്യമെന്ന് സി.പി.എമ്മിന് തോന്നിത്തുന്നത്  പിടി മുറുകുമ്പോള്‍ രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

"അന്വേഷണം പുരോഗമിക്കുമ്പോള്‍ ആരുടെയൊക്കെ നെഞ്ചിടിപ്പ് വര്‍ദ്ധിക്കുമെന്ന് കാണാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ എവിടെ? അദ്ദേഹത്തെ കാണാനില്ല. രഹസ്യങ്ങള്‍ ഓരോന്നായി പുറത്തു വരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ രഹസ്യങ്ങള്‍ പുറത്തു വന്നു. മന്ത്രിമാരുടെ മക്കളുടെ രഹസ്യം പുറത്തു വരുന്നു. ഇനി ആരുടെയെല്ലാം മകന്റെയും മകളുടെയുമൊക്കെ രഹസ്യങ്ങളാണ് പുറത്തു വാരന്‍ പോകുന്നതെന്ന് കാണാം."- ചെന്നിത്തല പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

"ഇത് പോലൊരു നാറിയ ഭരണം കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ? ഈ ദുര്‍ഗന്ധത്തില്‍ കേരള ജനതയ്ക്ക് ശ്വാസം മുട്ടുന്നു. അന്തസുണ്ടെങ്കില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രാജി വച്ച് പുറത്തു പോകണം. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രനെ കണ്ടവരുണ്ടോ? കാനം കാശിക്ക് പോയോ? സി.പി.ഐക്കാര്‍ മാളത്തിലൊളിച്ചോ?"- ചെന്നിത്തല ചോദിച്ചു.

എല്ലാ കുറ്റങ്ങളും ചെയ് ജലീല്‍ ഫേസ് ബുക്കില്‍ പറയുന്നത്  എന്താണ്? തങ്ങളറിയാതെ ഒരീച്ച പോലും പാറില്ലെന്ന് കരുതിയ പത്രക്കാരെ കബളിപ്പിച്ചെന്നാണ്. ഒരീച്ച പോലും അറിയാതെ കള്ളം ചെയ്യുന്നവരെയാണ് പഠിച്ച കള്ളന്മാരെന്ന് പറയുന്നത്. മാധ്യമങ്ങളെ കളിയാക്കിയിട്ട് കാര്യമില്ല. പഠിച്ച കള്ളന്മാരെക്കാള്‍ കേമനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് മന്ത്രി ജലീല്‍. ജലീലിന് ഇനി രക്ഷപ്പെടാന്‍ കഴിയില്ല. ഗുരുതരമായ കുറ്റങ്ങളും പ്രോട്ടോക്കോള്‍ ലംഘനവും അഴിമതിയും പുറത്തു വന്നിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മന്ത്രിസഭ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നു. 22 ന് യു.ഡി.എഫ് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റുകളിലും സത്യാഗ്രഹമുഷ്ഠിക്കും.

"ഒരു മന്ത്രി പുത്രനെതിരെ ഇന്ന് വന്നിട്ടുള്ള ആരോപണം ഗൗരവതരമാണ്. പാവങ്ങളുടെ പേരിലെ ലൈഫ് മിഷനില്‍ നിന്ന് കമ്മീഷനടിച്ച സ്വപ്നാ സുരേഷുമായി മന്ത്രി പുത്രന് എന്തു ബന്ധം? മന്ത്രി പുത്രനും കമ്മീഷന്‍ കിട്ടിയോ? അറിയേണ്ട കാര്യങ്ങളാണ്. ഈ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിലാണ്. ഒരു വ്യക്തി എന്ന നിലയിലാണ് ജലീലിനെ ചോദ്യം ചെയ്തതെന്ന എ.കെ.ബാലന്റെ പ്രസ്താവന ശരിയല്ല. വ്യക്തി മന്ത്രിയായി മാറിയപ്പോള്‍ ആ മന്ത്രിയെയാണ് ചോദ്യം ചെയ്തത്. തൊടു ന്യായം പറഞ്ഞ് രക്ഷപ്പെടാമെന്ന കരുതണ്ട. സ്വന്തം കാറുപേക്ഷിച്ച് സ്വന്തം ഐഡന്റിറ്റി ഉപേക്ഷിച്ച് തലയില്‍ മുണ്ടിട്ടാണ് ജലീല്‍ ഇ.ഡിയുടെ മുന്നിലേക്ക് പോയത്. ഒന്നും മറയക്കാനില്ലായിരുന്നെങ്കില്‍ സ്‌റ്റേറ്റ് കാറില്‍ തന്നെ പോയി , ചോദ്യം ചെയ്യലിന് വിധേയനായ ശേഷം പുറത്തു വന്ന് പത്രലേഖരോട് വിവരം പറയാമിരുന്നല്ലോ?"- പ്രതിപക്ഷ നേതാവ് ചോദിച്ചു.

First published:

Tags: Enforcement Directorate, Gold Smuggle, Gold Smuggling Case, Gold Smuggling In Diplomatic Channel, Kerala Gold Smuggling, NIA, Ramesh chennithala