പൊലീസും വകുപ്പുകളുമൊക്കെ തോന്നിയ വഴിക്ക് പോകുകയാണ്. വിധേയരുടെ സംഘമാണ് കേരളത്തിലെ മന്ത്രിസഭ. നവകേരള സദസില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നെങ്കില്‍ അഭിപ്രായം പറയാമായിരുന്നല്ലോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്‍.ഡി.എഫ് എം.എല്‍.എമാരുടെ അഭിപ്രായം കേള്‍ക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയാണ് പഠിപ്പിക്കാന്‍ വരുന്നത്. മുഖ്യമന്ത്രി വരുമ്പോള്‍ മന്ത്രിമാര്‍ പോലും പ്രസംഗം നിര്‍ത്തുകയാണ്. നേരത്തെ കൂടുതല്‍ പ്രസംഗിച്ച ശൈലജ ടീച്ചറിന് കിട്ടയതോടെ ഒരു എം.എല്‍.എമാരും മിണ്ടിയിട്ടില്ല. നവകേരള സദസ് കൊണ്ട് കേരളത്തിന് എന്ത് ഗുണമാണ് ഉണ്ടായത്. സാമ്പത്തിക ഞെരുക്കം കാരണം സ്‌കൂള്‍ യുവജോത്സവം ഒരു പന്തലില്‍ ഒതുക്കിയവരാണ് സാധാരണക്കാരില്‍ നിന്നും പണം പിരിച്ച് ആര്‍ഭാടം നടത്തുന്നത്. നവകേരള സദസു കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല.
advertisement
ക്രൂരമായാണ് പ്രതിഷേധങ്ങളെ നേരിടുന്നത്. മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചു. ഇത് ഭീകര ഭരണമാണോ? മുഖ്യമന്ത്രി ഏകാധിപതിയാണോ? രാജാവ് കളിക്കുകയാണോ? രാജാവാണെന്നാണ് സ്വയം വിചാരിക്കുന്നത്. രാജഭരണ കാലത്ത് പോലും ഇതുപോലെ ഉണ്ടായിട്ടില്ല. കണ്ണൂരില്‍ പൊലീസ് എഫ്.ഐ.ആര്‍ എടുത്ത കേസാണ് മുഖ്യമന്ത്രി മാതൃകാപരമാണെന്നും തുടരണമെന്നും പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണെന്ന് പറഞ്ഞത്. മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ പാടില്ലെന്ന് പറയാന്‍ പിണറായി എന്താ രാജാവാണോ? യൂണിഫോമില്‍ എത്തിയാണ് അങ്കമാലിയില്‍ ഡി.വൈ.എഫ്.ഐ ആക്രമിച്ചത്. അക്രമത്തെ കുറിച്ച് അറിയില്ലെങ്കില്‍ മുഖ്യമന്ത്രി പൊലീസ് മന്ത്രി സ്ഥാനം മറ്റാര്‍ക്കെങ്കിലും ഒഴിഞ്ഞ് കൊടുക്കണം. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജനങ്ങളാല്‍ വെറുക്കപ്പെട്ട പരിപാടിയായി മാറും. ആട്ടിത്തെളിച്ചവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്നിട്ടാണ് ആളെ കൂട്ടിയെന്ന് അഭിമാനം പറയുന്നത്. എല്ലാവരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിക്ക് എത്തിച്ചത്. നവകേരള സദസായതുകൊണ്ട് പട്ടികജാതിക്കാരന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിച്ചില്ല. സ്‌കൂളുകളുടെ മതില്‍ പോലും ഇടിച്ച് നടത്തുന്ന ഈ പരിപാടിയെ അശ്ലീല നാടകം എന്നല്ലാതെ എന്ത് വിളിക്കും?
വി.ഡി സതീശന്‍ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയും കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയായി മാറുകയും ചെയ്ത് പിണറായി വിജയന്‍ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞിരുന്നെങ്കില്‍ എന്റെ കഥ അന്ന് കഴിഞ്ഞേനെ. ഇത്രയും നല്ല സര്‍ട്ടിഫിക്കറ്റ് എനിക്ക് ഇതുവരെ ആരും തന്നിട്ടില്ല. എല്ലാ മണ്ഡലങ്ങളിലും എനിക്കെതിരെ പറയുന്നുണ്ട്. നാട്ടുകാരുടെ ചെലവില്‍ സ്റ്റേജ് കെട്ടിയല്ല പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കേണ്ടത്. കയ്യില്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് വായില്‍ തോന്നിയത് പറയുന്നതെന്നും വി ഡി സതീശൻ പറഞ്ർു.
കൊല്ലത്ത് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ അടിയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് യു.ഡി.എഫിലെ ഐക്യം കണ്ടിട്ട് സഹിക്കാനാകാത്തത്. കുറെക്കാലം ലീഗിന്റെ പിന്നാലെ നടന്നു മതിയായി. വിധേയരുടെ അടിമക്കൂട്ടമല്ല യു.ഡി.എഫ്. ഇവറ്റകളെന്ന വാക്ക് സജി ചെറിയാന്‍ ഉപയോഗിക്കുന്ന വാക്കാണ്. ഇവിടെ ഒരുത്തനും കൃഷി ചെയ്യേണ്ടെന്ന് പറഞ്ഞവനെ മന്ത്രിസഭയില്‍ ചുമക്കേണ്ട ഗതികേടിലാണ് പിണറായി വിജയന്‍. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചാല്‍ സാധാരണക്കാരെ കാണില്ല. കണ്ണിന്റെ കാഴ്ച കുറഞ്ഞ് തുടങ്ങും. കുറച്ചു കഴിയുമ്പോള്‍ കണ്ട് തുടങ്ങിക്കോളും.