ചില സംസ്ഥാനങ്ങളിലെ ക്രൈസ്തവർ പേടിച്ചാണ് കഴിയുന്നതെന്നും അടുത്തകാലത്തായി അക്രമങ്ങൾ വളരെ കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെന്തക്കോസ്തുകാരുടെ ആക്ഷനാണ് പലപ്പോഴും പ്രകോപനങ്ങൾ ഉണ്ടാക്കുന്നതെങ്കിലും അതിന്റെ പ്രതികരണങ്ങളും ആക്രമണങ്ങളും നേരിടുന്നത് കത്തോലിക്കരും എപ്പിസ്കോപ്പൽ സഭാംഗങ്ങളുമാണ്. സഭാവസ്ത്രം ധരിച്ച് യാത്രചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ആക്രമിക്കപ്പെടുന്നു. പള്ളികളും കുരിശ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളും അക്രമത്തിനിരയാകുന്നു. മാത്രമല്ല യാതൊരുതരത്തിലുള്ള നിയമലംഘനം നടത്താത്തവരെയും പിടിച്ച് ജയിലിലിടുന്നു. ക്രൈസ്തവർ നിർബന്ധിത മതപരിവർത്തനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവർ രാജ്യത്ത് ഓരോ വർഷവും പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുകയാണ്. 2.7 ശതമാനം ഉണ്ടായിരുന്നത് ഇപ്പോൾ 2.3 ശതമാനമായി ചുരുങ്ങി. കത്തോലിക്കരാകട്ടെ 1.67 ശതമാനം മാത്രമാണ്. കേരളത്തിലേത് ഗുരുതരമായ അവസ്ഥയാണ്. എണ്ണം കുറയുന്നു എന്നു മാത്രമല്ല, വിദേശ കുടിയേറ്റം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ക്രൈസ്തവരെയാണ്. വീടുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. ഒരുപാടുപേർക്ക് വിവാഹം നടക്കുന്നില്ല. പന്ത്രണ്ടാം ക്ലാസിൽ എത്തിയാൽ പിന്നെ എങ്ങനെയെങ്കിലും പുറത്തേക്കു പോകണമെന്ന ചിന്തയായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യം ചിന്തിക്കണം.
advertisement
കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ ക്രൈസ്തവരെ അവഗണിക്കുന്നു. ചില മതങ്ങളിൽ എല്ലാവർക്കും സംവരണാനുകൂല്യങ്ങളുണ്ട്. എന്നാൽ, ക്രൈസ്തവർക്കില്ല. ഇത്തരം വിവേചനവും അവഗണനയും എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
ക്രൈസ്തവരിൽ സമുദായബോധം കുറഞ്ഞു. ക്രൈസ്തവർ വർഗീയതയോടെ ചിന്തിച്ചില്ല. ഏറ്റവും കുറച്ചു വർഗീയചിന്തയുള്ളത് ക്രൈസ്തവർക്കാണ്. പക്ഷേ, മറ്റു മതങ്ങളിൽ വർഗീയത കൂടി വരുന്നതായാണ് അനുഭവം. ഇപ്പോൾ നമ്മൾ പറയുന്നത് സമുദായബോധം ഉണ്ടാകണം, ഒപ്പം വർഗീയത ഉണ്ടാകാൻ പാടില്ല എന്നാണ്.
ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ചില സംഘടനകളെക്കുറിച്ച് അങ്ങനെ തോന്നിയിട്ടുണ്ടെന്നായിരുന്നു ആർച്ച് ബിഷപ്പിന്റെ മറുപടി. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ട്. ഓരോ വർഷം കഴിയുന്തോറും കേരളത്തിലടക്കം സംഘടിതമായിട്ടുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്. ജമാ അത്തെ ഇസ്ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് വേറൊരു ഭാഗത്ത്. ക്രിസ്ത്യാനികളുടെ ഇടയിലും തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മറ്റുചിലർ അവരെ പ്രോത്സാഹിപ്പിക്കുന്നു. വർഗീയത വളർത്തുന്നതിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ കാര്യത്തിലും തികഞ്ഞ അവഗണനയാണ്. റിപ്പോർട്ട് പുറത്തുവിടാത്തതിന്റെ കാരണം പോലും പറയുന്നില്ല. മതാധ്യാപകർക്ക് ക്ഷേമനിധിക്കു നടപടിയുമായി സർക്കാർ രംഗത്തുവന്നു. എന്നാൽ, അതേക്കുറിച്ച് ജെ ബി കോശി കമ്മീഷൻ പറഞ്ഞത് എന്താണെന്നറിയേണ്ടേ? സഭാ സംവിധാനങ്ങളിലേക്കു രാഷ്ട്രീയക്കാർക്കു നുഴഞ്ഞുകയറാനുള്ള കുറുക്കുവഴിയാണോ ഇതെന്ന സംശയമുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
