മതനിന്ദ വകുപ്പ് ചേർത്താണ് കേസ്. എന്നാൽ സ്വപ്ന സുരേഷിന് വേണ്ടി കോടതിയിൽ ഹാജരായതിനുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നാണ് അഭിഭാഷകന്‍റെ വാദം. മതപരമായ നിന്ദ നടത്തിയിട്ടില്ലെന്നും സമൂഹ മാധ്യമത്തിൽ പ്രചരിച്ച ചിത്രമാണ് താൻ പോസ്റ്റ് ചെയ്തതെന്നും അഡ്വ. കൃഷ്ണ രാജ് മുൻകൂർജാമ്യ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് ദുരുദ്ദേശപരമാണെന്നും മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു.
അറസ്റ്റിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അഡ്വ. കൃഷ്ണരാജ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹത്തിനെതിരായ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 295A പ്രകാരം കേസെടുത്തിരുന്നു.
advertisement
അതേസമയം, മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇടനിലക്കാരനായി തന്നെ സമീപിച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണിന്റെ ഫോൺ രേഖകൾ പുറത്ത് വന്നു. വിജിലൻസ് മേധാവി എഡിജിപി എം.ആർ. അജിത് കുമാറിനെ ഏഴുതവണ വിളിച്ചു. ജൂൺ എട്ടിന് രാവിലെ 11നും 1.40നും ഇടയിലാണ് ഷാജ് കിരണ്‍ എഡിജിപിയുമായി സംസാരിച്ചത്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് വിളികൾ.
തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണ് ഷാജ് കിരൺ എത്തിയതെന്നും വിജിലൻസ് ഡയറക്ടർ എം ആർ അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ, സംസ്ഥാന സർക്കാരിനെതിരെ സ്വപ്ന നടത്തുന്ന ഗൂഢാലോചനയിൽ തന്നെയും ഭാഗമാക്കാൻ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഷാജ് കിരൺ പരാതി നൽകിയിരുന്നു. ഏതന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യാൻ നോട്ടിസ് നൽകണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടിരുന്നു.
