പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates
പോളിങ് സാമഗ്രികളുടെ വിതരണം
തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികൾ ഇന്ന് രാവിലെ വിതരണം ചെയ്യും. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിങ്ങും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്.
Also Read- പുതുപ്പള്ളിയില്‍ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികള്‍; ഇനി നിശബ്ദപ്രചാരണം
advertisement
പോളിങ് സ്റ്റേഷനുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലിനും അഞ്ചിനും അവധി നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവായി. വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള കോട്ടയം ബസേലിയസ് കോളേജിന് നാല് മുതല്‍ എട്ട് വരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അവധി പ്രഖ്യാപിച്ച് ഉത്തരവായിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.
പുതുപ്പള്ളിയില്‍ ഡ്രൈ ഡേ
ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ മദ്യനിരോധനം (ഡ്രൈ ഡേ) ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഞായറാഴ്ച വൈകിട്ട് ആറ് മുതല്‍ പോളിങ് ദിനമായ അഞ്ചാം തീയതി വൈകീട്ട് ആറു വരെയും, വോട്ടെണ്ണല്‍ ദിവസമായ എട്ടാം തീയതി പുലര്‍ച്ചെ 12 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്. വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടിവന്നാല്‍ ആ ദിവസത്തിനും ഡ്രൈ ഡേ ബാധകമായിരിക്കും.
മണ്ഡലത്തിന്റെ പരിധിയില്‍ ഹോട്ടല്‍, ഭോജനശാലകള്‍, മറ്റേതെങ്കിലും കടകള്‍, പൊതു-സ്വകാര്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മദ്യമോ സമാനമായ വസ്തുക്കളോ വില്‍ക്കാനോ, നല്‍കാനോ, വിതരണം ചെയ്യാനോ പാടില്ല. മദ്യക്കടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ തുടങ്ങി മദ്യം വില്‍ക്കുന്ന/വിളമ്പുന്ന മറ്റിടങ്ങളില്‍ ഈ ദിവസങ്ങളില്‍ ആര്‍ക്കും മദ്യം വില്‍ക്കാനോ വിളമ്പാനോ പാടില്ല.
മദ്യം കൈവശംവയ്ക്കാനും വിതരണം ചെയ്യാനും പലവിഭാഗത്തിലുള്ള ലൈസന്‍സുകളുണ്ടെങ്കിലും ക്ലബ്ബുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കും ഈ ദിവസങ്ങളില്‍ മദ്യം നല്‍കാന്‍ അനുമതിയില്ല. വ്യക്തികള്‍ക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് ഈ കാലയളവില്‍ വെട്ടിക്കുറയ്ക്കും. ലൈസന്‍സില്ലാതെ മദ്യം സൂക്ഷിക്കുന്നതിനെതിരേയുള്ള എക്സൈസ് നിയമത്തിലെ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കും.
5 സംസ്ഥാനങ്ങളിലെ 6 നിയമസഭാ മണ്ഡലങ്ങളിലേക്കും നാളെ വോട്ടെടുപ്പ്
ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭാ മണ്ഡലങ്ങളിലും നാളെ ഉപതെരഞ്ഞെടുപ്പും നാളെ നടക്കും. ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിപുരയിൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് നിയമസഭാംഗത്വം രാജിവച്ചതിനെ തുടർന്ന് ധൻപുരിലും സിപിഎം എംഎൽഎയുടെ മരണത്തെ തുടർന്ന് ബോക്സാനഗർ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിലെ ദുപ്ഗുഡിയിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും സിപിഎം-കോൺഗ്രസ് സഖ്യവും തമ്മിലാണ് മത്സരം. ഉത്തർപ്രദേശിലെ ഘോസിയിൽ ഇന്ത്യ സഖ്യത്തിന്റെ പിന്തുണ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി മത്സരിക്കുന്നു. വെള്ളിയാഴ്ചയാണ് ഇവിടങ്ങളിലും വോട്ടെണ്ണൽ.