വോട്ടെടുപ്പ് നടന്ന ദിവസംമുതൽ കണക്ക് കൂട്ടിയും കിഴിച്ചും ആശങ്കയുടെ മുൾമുന്നയിലായിരുന്നു മുന്നണികളും പാർട്ടികളും. 2021ലെ തെരഞ്ഞെടുപ്പിൽ 1,31,797 പേരാണ് പുതുപ്പള്ളിയിൽ വോട്ട് ചെയ്തതെങ്കിൽ ഇത്തവണ അത് 1,31,036 ആയി കുറഞ്ഞു. അതായത് പോളിങ് ശതമാനം 74.90 ൽനിന്ന് 74.27 ആയി കുറഞ്ഞു. ഇത് ആരെ തുണയ്ക്കുമെന്ന ചോദ്യത്തിന് അവകാശവാദങ്ങളുമായി സ്ഥാനാർഥികൾ രംഗത്തെത്തിയിരുന്നു.473 തപാല്‍ വോട്ടുകള്‍ അസാധുവായി.
എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചതോടെ കണക്കുകൂട്ടലുകൾ അപ്രസക്തമായി. പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടിയായിരുന്നു ഇടതുമുന്നണിക്ക് നേരിട്ടത്. വലിയ വിജയത്തിലേക്കുള്ള കുതിപ്പായിരുന്നു യുഡിഎഫ് ക്യാംപുകളെ ആവേശത്തിലാക്കിയത്. വോട്ട് മറിക്കൽ ആരോപണം നേരിട്ട ബിജെപിയുടെ വോട്ടുവിഹിതത്തിൽ വലിയ കുറവുണ്ടായി. എന്നാൽ അതിനൊപ്പം തന്നെ ഇടതുമുന്നണിക്കുണ്ടായ വലിയ വോട്ടുചോർച്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
advertisement
പിണറായി അധികാരത്തിൽവന്നശേഷമുള്ള പത്താം ഉപതെരഞ്ഞെടുപ്പ്; ആറുതവണയും ജയം യുഡിഎഫിന്
പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ വലിയ പോരാട്ടമാണ് 2021ൽ നടന്നത്. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയെത്തിക്കാൻ ജെയ്ക്ക് സി തോമസിന്‍റെ പോരാട്ടവീര്യത്തിന് കഴിഞ്ഞു. എന്നാൽ 2021ൽ സിപിഎം സ്ഥാനാർഥിയായിരുന്ന ജെയ്ക്ക് 54,328 വോട്ടുകൾ നേടിയിരുന്നു. കൃത്യം രണ്ടുവർഷത്തിനിപ്പുറം നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ലഭിച്ചതാകട്ടെ 42425 വോട്ടുകൾ മാത്രം. അതായത് സിപിഎമ്മിനും ജെയ്ക്കിനും നഷ്ടമായത് 12,684 വോട്ടുകളാണ്.
സമാനമായ സ്ഥിതിവിശേഷമാണ് ബിജെപിയുടെ വോട്ടുവിഹിതത്തിലും സംഭവിച്ചത്. 2021ൽ ബിജെപിക്ക് 11,694 വോട്ടുകൾ ലഭിച്ചു. എന്നാൽ ഇത്തവണ 6,558 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. രണ്ടുവർഷത്തിനിടെ 5,247 വോട്ടുകൾ ബിജെപിക്ക് കുറഞ്ഞു.
സിപിഎമ്മിനും ബിജെപിക്കുമായി രണ്ടുവർഷത്തിനിടെ 17931 വോട്ടുകൾ കുറഞ്ഞപ്പോൾ, കോൺഗ്രസിന് കൂടിയതാകട്ടെ 16772 വോട്ടുകളാണ്. 2021ൽ കടുത്ത പോരാട്ടം നേരിട്ട ഉമ്മൻചാണ്ടി പിടിച്ചത് 63,372 വോട്ടുകളാണ്. എന്നാൽ രണ്ടു വർഷം കഴിയുമ്പോൾ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നേടിയത് 80,144 വോട്ടുകളാണ്. വോട്ടെണ്ണലിന് മുമ്പ് ബിജെപി വോട്ടുമറിക്കൽ എന്ന പേരിൽ മുൻകൂർ ജാമ്യമെടുത്ത സിപിഎമ്മിന് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സ്വന്തം മുഖം നഷ്ടമായ അവസ്ഥയിലാണ്.