തൃക്കരിപ്പൂര്‍ മണ്ഡലം കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കിയതിലും ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഈ അസ്വാരസ്യങ്ങള്‍ക്കെതിരേയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്.
താൻ മത്സരിക്കാൻ വന്നപ്പോൾ കലാപം ഉണ്ടാക്കിയവർ തന്നെയാണ് ഇപ്പോഴും പ്രശ്നക്കാർ. എന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് ഇപ്പോഴും കലാപം ഉണ്ടാക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് നേതാക്കളോട് കാല് പിടിച്ച് അപേക്ഷിക്കുകയാണ്. കാസർകോട് നിന്ന് ഒരു കോൺഗ്രസ് എംഎൽഎ ഉണ്ടാകുന്നത് തടയരുത്. വീട്ടിന് മുന്നിൽ രാത്രി പോസ്റ്ററൊട്ടിച്ചത് ആണത്തമില്ലാത്തവരാണെന്നും പാർട്ടി വിട്ട് പോകുമ്പോൾ നശിപ്പിച്ചിട്ട് പോകാമെന്നാണെങ്കിൽ നടക്കില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
advertisement
രാജ്മോഹൻ ഉണ്ണിത്താന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടിരുന്നു. കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർകോട്ടേ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്.
മലപ്പുറത്ത് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലിം ലീഗിലും പ്രതിഷേധം ഉയരുന്നു. കെ.പി.എ മജീദിനെ സ്ഥാനാർഥിയാക്കിയതിലാണ് തിരൂരങ്ങാടിയിൽ പ്രതിഷേധമെങ്കിൽ സി.പി ബാവ ഹാജിയെ പരിഗണിക്കാത്തതാണ് വട്ടംകുളത്തെ പ്രശ്നം. തിരൂരങ്ങാടിയിൽ നിന്ന് നൂറിലധികം പ്രവർത്തകരാണ് പ്രതിഷേധം അറിയിക്കാൻ പാണക്കാട് എത്തിയത്. പി.എം.എ സലാമിന് പകരം കെ.പി.എ. മജീദിനെ സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും സാദിഖലി ശിഹാബ് തങ്ങളെയും നേരിൽക്കണ്ടാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്. എന്നാൽ സ്ഥാനാർഥിയെ മാറ്റാനാകിലെന്ന് നേതൃത്വവും വ്യക്തമാക്കിയതോടെ മജീദിനു വേണ്ടി പ്രവർത്തിക്കില്ലെന്ന് പ്രവർത്തകർ തുറന്ന് പറഞ്ഞു.
അതേസമയം അഭിപ്രായ പ്രകടനം സ്വാഭാവികമാണെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇത് പ്രതിസന്ധി ഉണ്ടാക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ അത് അംഗീകരിക്കുന്നതാണ് മുസ്ലിം ലീഗിന്റെ കീഴ്വഴക്കം. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. അത് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി.കെ അബ്ദുറബ്ബിന് പകരമാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് തിരൂരങ്ങാടി മൽസരിക്കുന്നത്. നേരത്തെ പി.എം.എ സലാമിനെയും പരിഗണിച്ചിരുന്നു. ഇതിനിടെ കെ.പി.എ മജീദിന് പിന്തുണ അഭ്യർത്ഥിച്ച് പി.കെ അബ്ദുറബ്ബ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. തനിക്ക് ഇത്രയും കാലം അവസരം നൽകിയ ജനങ്ങൾക്ക് നന്ദി പറയുന്നതായും അദ്ദേഹം കുറിച്ചു.