ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്കാണ് ബോർഡ് നീങ്ങുന്നതെന്ന മുന്നറിയിപ്പും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് ശബരിമലയിൽ ഭക്തരുടെ എണ്ണം വർദ്ധിച്ചത് ദേവസ്വം ബോർഡിനെ സംബന്ധിച്ച ആശ്വാസകരമായി മാറുന്നത്. മണ്ഡല കാലത്തിന്റെ ആദ്യദിനങ്ങളിൽ ഇരുപതിനായിരത്തിൽ താഴെ ഭക്തർ മാത്രമാണ് സന്നിധാനത്തേക്ക് എത്തിയിരുന്നത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി.
ആദ്യദിനങ്ങളിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്യുന്നവരിൽ 50 ശതമാനത്തോളം പേർ മാത്രമാണ് സന്നിധാനത്തേക്ക് എത്തിയിരുന്നത്. എന്നാൽ നിലവിൽ 80 ശതമാനത്തോളം ഭക്തർ എത്തുന്നുണ്ട്. നിലവിൽ 35,000 പേരാണ് പ്രതിദിനം ശബരിമലയിലേക്ക് എത്തുന്നത്. കൂടുതൽ ഭക്തർ എത്തുന്നതോടെ വരുമാനത്തിലും വലിയ വർധനവുണ്ടായി. കഴിഞ്ഞമാസം 15 നാണ് മണ്ഡലകാല തീർത്ഥാടനം ആരംഭിച്ചിരുന്നത്. മണ്ഡലകാല തീർഥാടനം ആരംഭിച്ച് ഒരുമാസം പിന്നിടുന്നതിന് മുൻപ് വരുമാനം 32 കോടി കവിഞ്ഞു.
advertisement
ഈ മാസം 26നാണ് മണ്ഡലപൂജ നടക്കാനിരിക്കുന്നത്. അതിനാൽ മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ഭക്തരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പരമാവധി 45000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. ഭക്തരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ഈ പരിധി സർക്കാർ മാറ്റാനുള്ള സാധ്യതയുമുണ്ട്.
അതേസമയം ശബരിമല തീർത്ഥാടനത്തിന് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നെയ്യഭിഷേകം, പമ്പാ സ്നാനം, പരമ്പരാഗത കാനനപാത വഴിയുള്ള തീർത്ഥാടനം, സന്നിധാനത്ത് ഭക്തർക്ക് വിരിവയ്ക്കാ നുള്ള സൗകര്യം എന്നിവയ്ക്ക് അനുമതി വേണമെന്നാണ് ദേവസ്വം ബോർഡിന്റെ ആവശ്യം.
ഇക്കാര്യത്തിൽ ഇതുവരെയും സർക്കാർ തീരുമാനം എടുത്തിട്ടില്ല. കാനന പാത വഴിയുള്ള തീർത്ഥാടനത്തിന് അനുമതി നൽകിയില്ലെങ്കിൽ ഈ മാസം 16ന് കാനനപാത വഴി വിശ്വാസികൾ സന്നിധാനത്തേക്ക് പ്രവേശിക്കുമെന്നാണ് വിവിധ ഹൈന്ദവ സംഘടനകൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലകാല വരുമാനം വർധിക്കണമെങ്കിൽ കൂടുതൽ ഇളവുകൾ ആവശ്യമുണ്ട് എന്നതാണ് ദേവസ്വം ബോർഡിന്റെ നിലപാട്.