ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി വിധിച്ചു. അഭയകേസിൽ 2008 ൽ സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്‌ക്കെതിരെയാണ് ഡൽഹി ഹൈക്കോടതിയുടെ വിധി. സിസ്റ്റര്‍ സെഫിക്ക് വേണ്ടി അഭിഭാഷകരായ റോമി ചാക്കോ, വി.എസ് റോബിന്‍ എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്.
advertisement
നേരത്തെ അഭയകേസിൽ മൂന്നാം പ്രതിയായ സിസ്റ്റർ സെഫി ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. 2008 നവംബറിൽ നടത്തിയ പരിശോധനയ്ക്ക് മുന്നോടിയായി താൻ കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിക്കുവാനായി സർജറി നടത്തിയെന്നും ഇത് വൈദ്യപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞുവെന്നും അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കന്യകാത്വ പരിശോധനാ റിപ്പോർട്ട് ചോർത്തിയെന്നും ഹൈമനോപ്ലാസ്റ്റിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചെന്നുമായിരുന്നു സിസ്റ്റർ സെഫിയുടെ വാദം. 31 വർഷം മുമ്പ്, 1992 മാർച്ച് 27 ന് കോട്ടയം ജില്ലയിലെ സെന്റ് പയസ് കോൺവെന്റിലെ കിണറ്റിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇത് ആത്മഹത്യയാണെന്നാണ് അന്ന് ലോക്കൽ പോലീസും സംസ്ഥാനത്തെ ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ. എന്നാൽ ഒരു വർഷത്തിനുശേഷം, അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെന്ന് കാണിച്ച് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന് കന്യാസ്ത്രീകൾ കത്തയച്ചതോടെ കേസ് സിബിഐ ഏറ്റെടുത്തു. കുറ്റാരോപിതനായ ഫാദർ കോട്ടൂർ അഭയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും സിസ്റ്റർ സെഫികോടാലി കൊണ്ട് അടിക്കുകയായിരുന്നുവെന്നും, സിസ്റ്റർ സെഫിയും ഫാദർ കോട്ടൂരും ഇരയുടെ തലയിൽ മാരകമായ അടിക്കുകയും അത് മരണത്തിന് കാരണമാവുകയും ചെയ്തു എന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ
തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കിണറ്റിൽ തള്ളുകയായിരുന്നുവെന്നും ഏജൻസി കണ്ടെത്തി. എന്നാൽ, 2018ൽ തെളിവുകളുടെ അഭാവത്തിൽ ഫാദർ പൂതൃക്കയിൽ കുറ്റവിമുക്തനാക്കപ്പെട്ടു. കൊലപാതക കുറ്റത്തിന് സിസ്റ്റർ സെഫിക്കും ഫാദർ കോട്ടൂരിനും ജീവപര്യന്തം തടവും 5 ലക്ഷം രൂപ വീതം പിഴയും കൂടാതെ ഐപിസിയിലെ മറ്റ് വകുപ്പുകൾ പ്രകാരം ശിക്ഷയും വിധിച്ചിരുന്നു പ്രത്യേക സിബിഐ കോടതി. കഴിഞ്ഞ വർഷം ജൂണിൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയും പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.