• HOME
 • »
 • NEWS
 • »
 • kerala
 • »
 • കെ.ടി.ജയകൃഷ്ണന്‍ വധം ക്ലാസ് റൂമിൽ കണ്ട വിദ്യാർത്ഥിനി ജീവനൊടുക്കി; ഇതിനൊക്കെ കണക്ക് പറയേണ്ട കാലം വരുമെന്ന് സന്ദീപ് വാചസ്പതി

കെ.ടി.ജയകൃഷ്ണന്‍ വധം ക്ലാസ് റൂമിൽ കണ്ട വിദ്യാർത്ഥിനി ജീവനൊടുക്കി; ഇതിനൊക്കെ കണക്ക് പറയേണ്ട കാലം വരുമെന്ന് സന്ദീപ് വാചസ്പതി

അധ്യാപകന്‍ മാംസക്കഷണങ്ങളായും ചോരത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്ക് ചിതറി തെറിച്ചപ്പോള്‍ ആ ക്ലാസ് മുറിയിലുണ്ടായിരുന്ന 16 പിഞ്ചു ജീവിതങ്ങളും കലങ്ങിമറിഞ്ഞുവെന്നും സന്ദീപ് വാചസ്പതി

 • Share this:

  കോഴിക്കോട്: കെ.ടി.ജയകൃഷ്ണന്‍ വധം ക്ലാസ് റൂമിൽ കണ്ട വിദ്യാർത്ഥിനി ജീവനൊടുക്കി. വെട്ടിക്കൊലപ്പെടുത്തിയതിന് ദൃക്സാക്ഷിയായ പാനൂര്‍ കൂരാറ മണ്ടമുള്ളയില്‍ ക്ഷേത്രത്തിന് സമീപം ചെക്കൂട്ടിന്റവിട ഷെസിന (31) കഴിഞ്ഞദിവസം വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്. ‘പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍’ എന്ന മാനസിക രോഗമായിരുന്നു ഷെസിനയെ ബാധിച്ചത്.

  1999 ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച നേതാവയിരുന്ന കെ.ടി.ജയകൃഷ്ണനെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്നപ്പോള്‍ ദൃക്സാക്ഷിയാകുകയും അതിന്റെ മാസികാഘാതത്തിൽ നിന്ന് കരകയറാനാകാതെ രണ്ടുദശകത്തിലേറെ നീണ്ട പേടിപ്പെടുത്തുന്ന കാഴ്ചകളുടെ ഓര്‍മകളില്‍നിന്നാണ് ഷെസിന മടങ്ങി. ഷെസിനയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

  അധ്യാപകന്‍ മാംസക്കഷണങ്ങളായും ചോരത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്ക് ചിതറി തെറിച്ചപ്പോള്‍ ആ ക്ലാസ് മുറിയിലുണ്ടായിരുന്ന 16 പിഞ്ചു ജീവിതങ്ങളും കലങ്ങിമറിഞ്ഞുവെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. ഇതിനൊക്കെ കണക്ക് പറയേണ്ട കാലം വരുമെന്ന് ഓർക്കുകയെന്ന് കുറിച്ചുകൊണ്ടാണ് സന്ദീപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  പാനൂർ കൂരാറ ചെക്കൂട്ടിന്‍റെവിട വീട്ടിൽ ഷെസിന ആത്മഹത്യ ചെയ്തു. കേരളത്തിൽ നടക്കുന്ന അസംഖ്യം ആത്മഹത്യകളിൽ ഒന്ന് മാത്രമായി അവഗണിക്കേണ്ട മരണമല്ല ഇത്. കമ്മ്യൂണിസ്റ്റ് കാട്ടാളൻമാർ നടത്തിയ കൊലപാതകമാണിത്. 22 വർഷങ്ങൾക്ക് മുൻപ് കൊല്ലാക്കൊല ചെയ്യപ്പെട്ട 11 വയസുകാരി ഇന്ന് 33-ാം വയസിൽ ജീവനൊടുക്കി എന്നേയുള്ളൂ. 1999 ഡിസംബർ 1 ന് പാനൂർ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളിൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ എന്ന യുവമോർച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷനെ ക്ലാസ് മുറിയിലിട്ട് വെട്ടി നുറുക്കി കൊന്നപ്പോൾ ഷെസിനയുടെ ജീവിതം അവസാനിച്ചതാണ്. ഷെസിനയുടെ മാത്രമല്ല 6 B യിൽ ഉണ്ടായിരുന്ന മറ്റ് 16 പിഞ്ചുകുട്ടികളുടേയും.

  ചിരിച്ചും കളിച്ചും തൊട്ടടുത്ത് നിന്ന അദ്ധ്യാപകൻ മാംസക്കഷണങ്ങളായും ചോരത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്ക് ചിതറി തെറിച്ചപ്പോൾ ആ ക്ലാസ് മുറിയിലുണ്ടായിരുന്ന 16 പിഞ്ചു ജീവിതങ്ങളും കലങ്ങിമറിഞ്ഞു. മിക്കവരുടേയും മാനസിക നില തകരാറിലായി. നിരന്തരമായ കൗൺസിലിംഗും ചികിത്സയും കൊണ്ട് പലരും ജീവിതത്തിലേക്ക് തിരികെയെത്തി. ഒരു ചികിത്സയ്ക്കും ഭേദമാക്കാനാകാതെ ഷെസിനയെപ്പോലെ ചില ഹതഭാഗ്യർ താളംതെറ്റിയ മനസുമായി ജീവിതം തള്ളി നീക്കി. ഒടുവിൽ ഇനി ജീവിക്കേണ്ട എന്ന് ഷെസിന കഴി‍ഞ്ഞ ദിവസം തീരുമാനിച്ചു. സ്നേഹനിധികളായ വീട്ടുകാരുടേയും ബന്ധുക്കളുടേയും ബിജെപി പ്രവർത്തകരുടേയും ഒക്കെ ശ്രമഫലമായി ബിരുദം വരെ പഠിക്കാൻ ഷെസിനയ്ക്ക് കഴിഞ്ഞിരുന്നു. സാംസ്കാരിക കേരളം, (അങ്ങനെ ഒന്നുണ്ടെങ്കിൽ), കാണാതെ പോയ ഷെസിനയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

  യഥാർത്ഥത്തിൽ 17 പേരെ കൊന്നതിനായിരുന്നു കേസ് എടുക്കേണ്ടിയിരുന്നത്. എന്നാൽ ഈ കേസിലെ ഒന്നാം പ്രതിയായ അച്ചാരമ്പത്ത് പ്രദീപനെ അതേ സ്കൂളിന്‍റെ പി.ടി.എ പ്രസിഡന്‍റാക്കിയ കണ്ണിൽ ചോരയില്ലായ്മയാണ് പിന്നീട് കേരളം കണ്ടത്. അധികാരത്തിന്‍റെ ഹുങ്കിൽ പലരേയും നിശബ്ദരാക്കാനും പലതും ചെയ്യാനും കഴിഞ്ഞേക്കാം. എങ്കിലും ഇതിനൊക്കെ കണക്ക് പറയേണ്ട കാലം വരുമെന്ന് ഓർക്കുക. പ്രണാമം സഹോദരീ.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

  Published by:Jayesh Krishnan
  First published: