കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഇനിയും ഉത്തരവിട്ടിട്ട് കാര്യമില്ലെന്നും റോഡുകളുടെ മോശം അവസ്ഥയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കി.
റോഡ് സുരക്ഷയുടെ കാര്യത്തിൽ കോടതിയാണോ സർക്കാരാണോ കൂടുതൽ വ്യാകുലപെടേണ്ടതെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥർക്കൊക്കെ ധാർഷ്ട്യവും അഹങ്കാരവുമാണ്. സർക്കാരും ഈ വിഷയത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എംജി റോഡുകളിൽ ഇത്രയുമേറെ കുഴികൾ ഉണ്ടായത് ആരുടെ കുറ്റം കൊണ്ടാണ്. ജില്ല കളക്ടർ എന്തു ചെയ്തു. എന്തെങ്കിലും നടപടി സ്വീകരിച്ചതായി പറയാനാവുമോ എന്നും കോടതി ചോദിച്ചു. ഒരു ജീവൻ നഷ്ടമായാൽ എന്ത് സംഭവിക്കാനാണെന്ന ഭാവമാണ് സർക്കാരിനെന്നും കോടതി പറഞ്ഞു.
കുഴികളുള്ള റോഡുകൾ റിബൺ ഉപയോഗിച്ച് മറയ്ക്കുന്നതാണ് പതിവ്, വിഷയത്തിൽ കളക്ടറുടെ റിപ്പോർട്ട് പോലും വന്നിട്ടില്ല. അമിക്കസ് ക്യൂറിയാണ് മരിച്ച കുട്ടിയുടെ കാര്യം കോടതിയുടെ ശ്രദ്ധയിലെത്തിച്ചതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.