തെക്കൻ ജില്ലകളിൽ ലീഗ് ആവശ്യപ്പെടുന്ന നിയമസഭാ സീറ്റുകളിൽ സുജ സ്ഥാനാർത്ഥിയാകാൻ സാധ്യത ഏറെയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ളവർക്കും സ്ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകാനുള്ള ലീഗിന്റെ നീക്കത്തിന്റെ ഭാഗമായാണ് സുജയുടെ പാർട്ടി പ്രവേശനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ കണ്ടിരുന്നത്. ഇരവിപുരത്തും പുനലൂരിലും കഴിഞ്ഞ തവണ നേരിട്ട വെല്ലുവിളികൾ മറികടക്കാൻ സുജയെപ്പോലൊരു നേതാവ് ഗുണകരമാകുമെന്ന് ലീഗ് കണക്കുകൂട്ടിയിരുന്നു.
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സുജ ചന്ദ്രബാബു പാർട്ടിയിലെ കരുത്തുറ്റ വനിതാ മുഖമായിരുന്നു. മൂന്നുതവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ഒരുതവണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്. എംഎ ഹിസ്റ്ററി ബിരുദധാരിയായ സുജ പുനലൂർ എസ്എൻ കോളേജിൽ ഗസ്റ്റ് ലെക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് നീങ്ങുന്ന സുജയ്ക്ക് കുടുംബശ്രീ തിരഞ്ഞെടുപ്പിലുണ്ടായപരാജയം വൻ തിരിച്ചടിയാണ്.
advertisement
സുജ ചന്ദ്രബാബു പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്ന അന്നു തന്നെ പ്രാദേശിക സിപിഎം പ്രവർത്തകർ ‘സന്തോഷം’ പങ്കുവെച്ചിരുന്നു . അഞ്ചലിൽ പായസം വെച്ചും മധുരം വിതരണം ചെയ്തുമായിരുന്നു സിപിഎം പ്രവർത്തകരുടെ ‘ആഘോഷം’. പാറവിള വാർഡിലെ പ്രവർത്തകരും അഞ്ചൽ ഏരിയാ നേതൃത്വത്തിലെ ചിലരുമായിരുന്നു ആഘോഷ പരിപാടിയുടെ പ്രധാന സംഘാടകർ.
