ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ച് നിലപാടെടുത്തതിന് പിന്നാലെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവയ്ക്കപ്പെട്ടത്. 2018 ഒക്ടോബറിലായിരുന്നു സംഭവം. എന്നാൽ ഒരു വർഷം പോലീസ് അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. അടുത്ത രണ്ടര വർഷത്തോളം ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ല. ആദ്യഘട്ടത്തില്‍ അന്വേഷണം വഴിതെറ്റിയെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.
Also Read-പ്രതിയില്ല, ആശ്രമം കത്തിച്ച കേസ് അവസാനിപ്പിക്കുന്നു; പൊലീസിനെ സംശയിച്ച് സന്ദീപാനന്ദ ഗിരി
ആശ്രമത്തിലെ സിസിടിവി പ്രവർത്തന രഹിതമായിരുന്നു. പിന്നീട് പൊലീസ് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നെങ്കിലും അത് പുറത്ത് വിട്ടില്ല. ശബരിമലയിലെ യുവതി പ്രവേശന വിധിയിൽ സന്ദീപാനന്ദഗിരി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഈ വൈരാഗ്യത്തിന്റെ പേരിൽ സംഘപരിവാർ സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു ആരോപണം. എന്നാൽ പ്രതികളെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചില്ല.
advertisement
പോലീസിൽ സംഘപരിവാർ സ്വാധീനമുണ്ടെന്നും ചില ഉന്നതോദ്യോഗസ്ഥർ കേസ് അട്ടിമറിച്ചെന്നും സന്ദീപാനന്ദഗിരി ആരോപിച്ചു.ആശ്രമം തീവയ്പ് സന്ദീപാനന്ദഗിരിയും സി പി എമ്മും ചേർന്നു നടത്തിയ നാടകമെന്നാണ് പ്രതിപക്ഷത്തിൻ്റെയും ബിജെപിയുടെയും ആരോപണം.
എ കെ ജി സെൻ്റർ ആക്രമണത്തിൽ പ്രതിയെ പിടികൂടാനാകത്ത സാഹചര്യത്തെ ആശ്രമം തീവയ്പ്പ് സംഭവത്തോട് സി പി എം വിരുദ്ധ കേന്ദ്രങ്ങൾ ചേർത്തു വയ്ക്കുകയും ചെയ്യുന്നു. ചില ഫോൺ രേഖകൾ കൂടി പരിശോധിച്ച ശേഷം തീവയ്പ്പ് കേസിലെ അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

