എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമർപ്പിക്കുകയാണെന്നും മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്റണി വർഷങ്ങളായി തന്നോടൊപ്പം പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും മോദി പറഞ്ഞു
തിരുവല്ലയിലെ ജനങ്ങളുടെ വിശ്വാസമാണ് തങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയിലേക്കുള്ള യാത്രമധ്യേ വഴിയരികിൽ തടിച്ചുകൂടിയ ജനക്കൂട്ടം ഒരു മനുഷ്യ മതിൽ തീർത്തതുപോലെയാണ് തനിക്ക് തോന്നിയതെന്നും കേരളത്തിന്റെ ശക്തി അവിടെ കണ്ടുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദൈവം അനന്തമായ വിഭവങ്ങൾ നൽകിയിട്ടും വികസനത്തിന്റെ കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ പിന്നിലാണെന്ന് അദ്ദേഹം വിമർശിച്ചു.
advertisement
കോട്ടയം മെഡിക്കൽ കോളേജിന്റെ അവസ്ഥ പരിതാപകരമാണെന്നും പുതിയ പാലങ്ങൾ നിർമ്മിക്കാനോ നല്ല റോഡുകൾ ഒരുക്കാനോ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. കേരളത്തിൽ വഴിമുട്ടി നിന്ന ദേശീയപാത വികസനം സാധ്യമാക്കിയത് കേന്ദ്രസർക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും കേരളത്തിൽ വികസനമൊന്നും നടന്നില്ലെന്നും എന്നാൽ കേന്ദ്രസർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. യുപിഎ സർക്കാർ നൽകിയതിന്റെ അഞ്ചിരട്ടി തുക എൻഡിഎ സർക്കാർ കേരളത്തിന് നൽകിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനം തിരുവല്ലയിൽ തുടങ്ങണമെന്നും ജനങ്ങളുടെ വിശ്വാസം കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ ഡബിൾ എഞ്ചിൻ സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും വികസനത്തിന്റെ പുതിയ വെളിച്ചം വരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ക്രൈസ്തവ ഭൂരിപക്ഷമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ബിജെപി വികസനം എത്തിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. കോട്ടയം വഴി വന്ദേഭാരത് ട്രെയിനുകൾ ഓടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരി വിമാനത്താവള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വികസനത്തിന്റെ പുതിയ പാത തുറക്കപ്പെടുമെന്നും എന്നാൽ സംസ്ഥാന സർക്കാർ ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൻഡിഎ സർക്കാർ വന്നാൽ ഈ പദ്ധതി നടപ്പാക്കുമെന്നത് മോദിയുടെ ഗ്യാരണ്ടിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കുമ്മനം രാജശേഖരൻ, അനൂപ് ആന്റണി തുടങ്ങിയ സ്ഥാനാർത്ഥികളുടെ കൈകൾ ഉയർത്തിപ്പിടിച്ച് മോദി സദസ്സിനെ അഭിവാദ്യം ചെയ്തു. 11 എൻഡിഎ സ്ഥാനാർത്ഥികളാണ് തിരുവല്ലയിലെ ഈ കൺവെൻഷനിൽ പങ്കെടുത്തത്. വേദിയിലെത്തിയ പ്രധാനമന്ത്രിക്ക് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ക്രിസ്തുവിന്റെ തിരുരൂപം നൽകിയാണ് സ്വീകരിച്ചത്. സ്ഥാനാർത്ഥി അനൂപ് ആന്റണി പടയണി തപ്പും മോദിക്ക് ഉപഹാരമായി നൽകി.
