വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ,താൻ
കള്ളനെന്നു വിളിച്ചില്ലേ?
കോഴിയെ മോഷ്ടിച്ചെങ്കിലതേ,അത്
പൊരിച്ചു തിന്നാനായിരുന്നല്ലോ-എനിക്കു
പൊരിച്ചു തിന്നാനായിരുന്നല്ലോ
എന്ന് എഴുതിയ കവി അയ്യപ്പപ്പണിക്കരുടെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിന്നും ഇതാ ഒരു മാന്യനായ കള്ളൻ.
പിൻവാതിൽ പൊളിച്ച് കള്ളുഷാപ്പിൽ കയറിയ ഈ മാന്യനെ കള്ളൻ എന്ന് വിളിക്കാമോ എന്ന് ഉറപ്പില്ല. കാരണം അദ്ദേഹം എടുത്തത് 4 കുപ്പി കള്ള് മാത്രം. നാല് കുപ്പി കള്ളിനൊപ്പം ടച്ചിംഗ്സായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മീൻകറിയുമാണ് കളവുമുതൽ.
advertisement
പള്ളിപ്പാട് ആഞ്ഞിലിമൂട്ടിലെ കള്ളുഷാപ്പിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ കൗതുകകരമായ മോഷണം നടന്നത്. ഷാപ്പിന്റെ പിൻവാതിൽ പൊളിച്ച് അകത്തു കയറിയ കള്ളൻ ഷാപ്പിൻ നിന്നും നാല് കുപ്പി കള്ളും അതിനൊപ്പം ടച്ചിങ്സായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മീൻകറിയുമാണ് എടുത്തത്.
ഷാപ്പിലെ മേശക്കുള്ളിൽ കരുതിയിരുന്ന പണത്തിലേക്ക് കള്ളൻ തിരിഞ്ഞുപോലും നോക്കിയില്ല. മാത്രമല്ല, മേശ തുറക്കാനുള്ള ശ്രമം പോലും നടത്തിയിട്ടില്ല. കൂടുതൽ കള്ള് ഷാപ്പിൽ ഉണ്ടായിരുന്നുവെങ്കിലും നാല് കുപ്പി കുടിച്ച് വയർനിറച്ച കള്ളൻ തിരികെപ്പോയി. ആകെ പാത്രത്തിൽ ഉണ്ടായിരുന്നു മീൻകറി അല്പം നിലത്തുവീണത് ഒഴിച്ചാൽ ഷാപ്പിൽ ഒന്നും അലങ്കോലമാക്കാനും കള്ളൻ മെനക്കെട്ടില്ല.
കള്ളു കുടിക്കാൻ വേണ്ടി മാത്രമാണ് കള്ളൻ ഷാപ്പിൽ കയറിയതെന്ന് പോലീസും വ്യക്തമാക്കി.
നല്ലതു വല്ലോം മോഷ്ടിച്ചാലുടനേ-അവനേ-വെറുതേ
കള്ളനാക്കും നിങ്ങടെ ചട്ടം
മാറ്റുക മാറ്റുക ചട്ടങ്ങളെയവ
മാറ്റും നിങ്ങളെയല്ലെങ്കിൽ.
എന്നാണല്ലോ കവി പറയുന്നത് എന്ന് പോലീസും കരുതിക്കാണും.
