അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ആഗോള ക്രൂയിസ് ടൂറിസം ഭൂപടത്തിൽ പ്രധാന ഇടം നേടും. വിദേശ വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഇമിഗ്രേഷൻ, കസ്റ്റംസ് സംവിധാനങ്ങൾ, വിശ്രമ മുറികൾ, വലിയ ഷോപ്പിംഗ് മാളുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയെല്ലാം ഈ ക്രൂസ് വില്ലേജിൻ്റെ ഭാഗമായി ഉണ്ടാകും. വലിയ ആഡംബര കപ്പലുകൾ വിഴിഞ്ഞത്ത് അടുക്കുമ്പോൾ ആയിരക്കണക്കിന് വിദേശികളാണ് ഒരേസമയം നഗരത്തിലെത്തുക.
ഇത് കോവളം, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾക്കും പ്രാദേശിക കച്ചവടക്കാർക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും. കൂടാതെ, ക്രൂയിസ് യാത്രക്കാർക്കായി വിമാനത്താവളം വഴിയുള്ള യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ എയർ ഇന്ത്യയും ലുഫ്താൻസയും അടക്കമുള്ള പ്രമുഖ കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
advertisement
തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിനായി പതിനാറായിരം കോടി രൂപയുടെ നിക്ഷേപമാണ് നിലവിൽ നടക്കുന്നത്. ഈ വർഷം ജനുവരിയിൽ മാത്രം ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് റെക്കോർഡ് കുറിച്ച വിഴിഞ്ഞം, കൊളംബോയ്ക്കും സിംഗപ്പൂരിനും വെല്ലുവിളിയായി വളരുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി. ഇറിന അടുത്തിടെ വിഴിഞ്ഞത്ത് എത്തിയത് തുറമുഖത്തിൻ്റെ കരുത്ത് തെളിയിച്ചിരുന്നു. ക്രൂസ് വില്ലേജ് കൂടി വരുന്നതോടെ ചരക്കുനീക്കത്തിന് പുറമെ വിനോദസഞ്ചാര മേഖലയിലും കേരളത്തിൻ്റെ അഭിമാനമായി വിഴിഞ്ഞം മാറും.
