തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമ മഹാരാജാവ് ദുർബലനായിരുന്നതിനാൽ യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമയായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്. ഇക്കാലത്ത് രാജശക്തിയെ പ്രബലമാക്കാനും പ്രഭുശക്തിയെ അമർച്ച ചെയ്യാനുമുള്ള ശ്രമം അദ്ദേഹം ആരംഭിച്ചു. ഇക്കാരണം കൊണ്ട് തന്നെ പ്രഭുക്കന്മാരിൽ ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി. യുവരാജാവായ മാർത്താണ്ഡവർമ്മയ്ക്ക് സ്വൈര്യസഞ്ചാരം സാധ്യമായിരുന്നില്ല. പലപ്പോഴും അദ്ദേഹത്തിനു പ്രച്ഛന്നവേഷനായി യാത്രചെയ്യേണ്ടിവന്നു.
ഒരിക്കൽ നെയ്യാറ്റിൻകരയിൽ വച്ചു ശത്രുക്കളുടെ കൈയിലകപ്പെടുമെന്ന ഘട്ടം വന്നപ്പോൾ യുവരാജാവ് അടുത്തു കണ്ട ഇഞ്ചപ്പടർപ്പിനിടയിൽ അഭയംതേടി. അവിടെ ഒരു വലിയ പ്ലാവ് ഉണ്ടായിരുന്നു. രക്ഷപ്പെടാനുള്ള മാർഗങ്ങൾ ആലോചിച്ചുകൊണ്ടു നിൽക്കവേ രാജാവിന് മുൻപിൽ ഒരു ബാലൻ പ്രത്യക്ഷനായി എന്നും ഈ പ്ലാവിന്റെ പൊത്തിൽ ഒളിക്കാൻ പറഞ്ഞ ശേഷം ബാലൻ ഓടിമറഞ്ഞുവെന്നും ഐതിഹ്യമുണ്ട്.
advertisement
രാജാവ് പ്ലാവിന്റെ വലിയ പൊത്തിൽ കയറി ഒളിച്ചിരുന്നു. അദ്ദേഹത്തെ പിൻതുടർന്നുവന്നവർ അവിടെയെല്ലാം തിരഞ്ഞിട്ടും കാണാതെ മടങ്ങി.ശത്രുക്കൾ വളരെ ദൂരെയായി എന്നു ബോധ്യമായപ്പോൾ യുവരാജാവ് അവിടെനിന്നിറങ്ങി രക്ഷപ്പെട്ടു. ഇതിന്റെ സ്മാരകമായി മാർത്താണ്ഡവർമ മഹാരാജാവ് 1757-ൽ പ്ലാവ് നിന്ന സ്ഥാനത്ത് ഒരു ക്ഷേത്രം പണിയിച്ച് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു. ക്ഷേത്രവളപ്പിനകത്തു വടക്കു പടിഞ്ഞാറെ കോണിലായി നില്ക്കുന്ന പ്ലാവിനെ 'അമ്മച്ചിപ്ലാവ്' എന്നു വിളിച്ച് പോരുന്നു. അമ്മച്ചി പ്ലാവിന് 1500-ൽ കൂടുതൽ വർഷത്തിന്റെ പഴക്കമുണ്ടെന്നാണ് വിദഗ്ദ്ധാഭിപ്രായം.