കേരള നാടക ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്ത അവനവൻ കടമ്പയുടെ നാല്പതാം വാർഷികാഘോഷത്തിന് അന്നവിടെ കൂടി നിന്നവർ സാക്ഷ്യം വഹിച്ചു. അവനവൻ കടമ്പയുടെ രംഗങ്ങൾ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മനസ്സിൽ നിന്നും ആ വലിയ കാൻവാസിലേക്ക് പടർന്നു. ആ കാഴ്ച കണ്ടു മനം നിറഞ്ഞ് കാവാലവും നെടുമുടിയും അദ്ദേഹത്തിനരികിലായി നിന്നു.
അട്ടക്കുളങ്ങര സ്കൂളിന്റെ മരത്തണലിൽ തുടങ്ങി കേരളം മുഴുവൻ പടർന്നു പന്തലിച്ച അവനവൻ കടമ്പ, കൺടെംപററി ഇന്ത്യൻ നാടക ലോകത്തിൽ മലയാളത്തിന്റെ തനി നാടൻ നാടകം ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. കാവാലത്തിന്റെ മനസ്സിൽ വിരിഞ്ഞ ആശയത്തെ നാടകമായി സംവിധാനം ചെയ്തത് അന്തരിച്ച സംവിധായകൻ ജി. അരവിന്ദൻ. 1976ലാണ് അവനവൻ കടമ്പ ആദ്യമായി അരങ്ങേറുന്നത്. ആധുനികതയും, മനുഷ്യൻ സ്വയം തീർത്ത കടമ്പകളും അതിന്റെ താത്വിക അവലോകനവുമാണ് ഈ നാടകം.
advertisement
എട്ടു വർഷങ്ങൾ പിന്നിടുമ്പോൾ, ആ മൂന്നുപേരെയും കാലയവനിക മറച്ചല്ലോ എന്ന ദുഃഖം തളംകെട്ടുന്നതാവും മാനവീയം വീഥിയിലെ നനഞ്ഞ ഇടനാഴി. വയലാറും ദേവരാജൻ മാസ്റ്ററും രണ്ടറ്റത്തായി തലയെടുപ്പോടെ നിൽക്കുന്ന മാനവീയത്തിൽ പക്ഷെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ആ വരകൾക്കു മേൽ വെള്ളവിരിപ്പു വീണുകഴിഞ്ഞിരിക്കുന്നു. വികസനത്തിനായി വെട്ടിയ വഴികളിൽ ആ മതിലുകളിൽ പുരണ്ട പെയിന്റിന്റെ ലെയറുകളുടെ അടിയിൽ എവിടെയോ ആ ചരിത്ര ദിനം ഉറങ്ങുന്നുണ്ട്. ബാക്കിയാവുക ഓർമ്മകളിൽ നിറയുന്ന ഈ ചിത്രം മാത്രം.
Summary: A memorable picture featuring Artist Namboothiri, Kavalam Narayana Panicker and Nedumudi Venu from the 40th anniversary celebrations of Avanavan Kadamba play in 2015
