വിശ്വാസികൾ 'ആറ്റുകാൽ അമ്മച്ചി' എന്ന് വിളിക്കുന്ന ഇവിടുത്തെ ഭഗവതി സർവ അനുഗ്രഹദായിനി ആണെന്നാണ് വിശ്വാസം. കൊടുങ്ങല്ലൂർ ഭഗവതി തന്നെയാണ് ആറ്റുകാലിലും കുടികൊള്ളുന്നത് എന്നാണ് ഐതീഹ്യം.പുരാതന കാലം മുതൽക്കേ കാർഷിക സമൃദ്ധി, മണ്ണിന്റെ ഫലയൂയിഷ്ടത, യുദ്ധ വിജയം, സാമ്പത്തിക അഭിവൃദ്ധി, ഐശ്വര്യം തുടങ്ങിയവയുടെ ഉന്നമനത്തിനായി ഭദ്രകാളിയെ ആരാധിച്ച് പോരുന്നു.ഇതിന്റെ പിന്തുടർച്ചയാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രവും.
പുരാതനമായ ഈ ക്ഷേത്രത്തിന് "സ്ത്രീകളുടെ ശബരിമല" എന്ന് വിളിപ്പേരുണ്ട്. ഇവിടുത്തെ പ്രധാനമായ ഉത്സവമാണ് "പൊങ്കാല മഹോത്സവം. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാല കണക്കാക്കപ്പെടുന്നത്. സ്ത്രീകളുടെ ഏറ്റവും വലിയ കൂടിച്ചേരൽ കൂടിയായ പൊങ്കാല 'ഗിന്നസ് ബുക്കിൽ' ഇടം നേടിയിട്ടുള്ള അനുഷ്ഠാനം കൂടിയാണ്.
advertisement
തിരുവനത്തപുരത്തുകാരുടെ വലിയ ആഘോഷമാണ് ആറ്റുകാൽ പൊങ്കാല. തെക്കൻ ജില്ലകളിൽ നിന്നും തമിഴ് നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഭക്തർ പൊങ്കാലയിൽ പങ്കെടുക്കാറുണ്ട്. കുംഭ മാസത്തിലെ കാർത്തിക നാളിൽ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്.ആറ്റുകാൽ പൊങ്കാലയ്ക്കായി ഭഗവതി തന്റെ മൂല കേന്ദ്രമായ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് ആറ്റുകാലിൽ എത്തുന്നു എന്നാണ് വിശ്വാസം. പൊങ്കാല ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 10 കി.മീറ്ററോളം ദൂരം അടുപ്പുകൾ കൊണ്ട് നിറയും.