തിരുവനന്തപുരം : സംസ്ഥാനത്തൊട്ടാകെയുള്ള ആന പ്രേമികളുടെ പ്രിയപ്പെട്ട ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. തലസ്ഥാനത്തെ ആന പ്രേമികൾ ആവേശത്തോടെയും ബഹുമാനത്തോടെയും കണ്ടിരുന്ന ആനയായിരുന്നു ശിവകുമാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ശിവകുമാറിനെ വർഷങ്ങളായി വലിയശാല കാന്തല്ലൂർ മഹാദേവ ക്ഷേത്ര വളപ്പിലാണാണ് പാർപ്പിച്ചിരുന്നത്. 70 വയസ്സുണ്ടായിരുന്നു.
‘അനന്തപുരിയുടെ ആണഴക്’ എന്ന് ആനപ്രേമികൾ വിശേഷിപ്പിക്കുന്ന ശിവകുമാറിന്റെ വിയോഗം ആന പ്രേമികളെ ഒന്നാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിലെ ഘോഷയാത്രകളിൽ സ്ഥിര സാന്നിധ്യം ആയിരുന്നു ശിവകുമാർ . 1985-ലാണ് ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ ശിവകുമാറിനെ നടയ്ക്കിരുത്തിയത്. അഞ്ചുവർഷം മുൻപ് കാന്തല്ലൂർ മഹാദേവക്ഷേത്ര വളപ്പിൽ എത്തിച്ചു. രണ്ടുമാസം മുൻപ് എഴുന്നേൽക്കാനാകാതെ ക്ഷേത്ര പരിസരത്ത് വീണു കിടന്ന ശിവകുമാറിനെ നാട്ടുകാരും ചേർന്ന് ക്രെയിൻ എത്തിച്ചാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് എഴുന്നേൽപ്പിച്ചത്.
advertisement
Also Read- ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു; ഓർമയാകുന്നത് അനന്തപുരിയിലെ ആനപ്രേമികളുടെ അഭിമാനം
പിന്നീട് ദേവസ്വം വെറ്റിനററി ഡോക്ടറുടെ നേതൃത്വത്തിൽ ചികിത്സ തുടരുകയായിരുന്നു. ഈ സംഭവത്തിനുശേഷം ഒരു തവണ മാത്രമാണ് ശിവകുമാറിനെ എഴുന്നള്ളത്തിന് കൊണ്ടുപോയത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപ് വരെ കാന്തള്ളൂർ ക്ഷേത്രത്തിൽ ദിവസേന പ്രദക്ഷിണത്തിനും ശിവകുമാറിനെ കൊണ്ടു പോയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ്, ശിവകുമാർ പൂർണ വിശ്രമത്തിൽ ആയത്.
തിരുവനന്തപുരം വലിയശാല കാന്തളളൂർ ശിവക്ഷേത്ര മുറ്റത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്ര മുറ്റത്തും പൊതുദർശനം ഉണ്ടായിരുന്നു. നിരവധി ആനപ്രേമികളും നാട്ടുകാരും വലിയശാലയിൽ എത്തിയിരുന്നു.പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ചക്ക് ഒരു മണിക്ക് മുടവൻമുഗളിലെ ദേവസ്വം ബോർഡ് വക സ്ഥലത്ത് ശ്രീകണ്ഠേശ്വരം ശിവകുമാറിനെ സംസ്കരിക്കും.