ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്കും ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനുള്ള അവസരമാണ് യാഥാർത്ഥ്യമായത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ വിനിയോഗിച്ച് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ മേൽനോട്ടത്തിലാണ് ലാബ് നിർമ്മിച്ചത്.
ശ്രീ പി. കുട്ടൻ മെമ്മോറിയൽ കരിയർ ഡെവലപ്‌മെൻ്റ് സിവിൽ സർവീസ് കോച്ചിംഗ് സെൻ്ററിൻ്റെ ഭാഗമായാണ് ഈ വിജ്ഞാന കേന്ദ്രം പ്രവർത്തിക്കുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഓഗ്‌മെൻ്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ നേരിട്ട് പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾക്ക് ആവശ്യമായ ഡിജിറ്റൽ ലൈബ്രറിയും വിജ്ഞാനപ്രദമായ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ ഓപ്പൺ മിനി തിയേറ്ററും ലാബിൻ്റെ പ്രത്യേകതയാണ്.
advertisement
പാറശ്ശാല മണ്ഡലത്തിലെ സ്കൂളുകളിൽ നിന്ന് പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ലാബിൻ്റെ പ്രാഥമിക പ്രയോജനം ലഭിക്കുക. കൂടാതെ ഹൈസ്കൂൾ, യുപി വിഭാഗങ്ങളിലെ മറ്റു കുട്ടികൾക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കാം. ഭാവിയിലെ തൊഴിൽ വിപണിയിൽ നമ്മുടെ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കാൻ ഈ സെൻ്റർ വലിയ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
