തിരുവനന്തപുരത്തെ തട്ടുകടകളിലും സജീവമാണ് ഒറട്ടി എന്ന ഈ നാടൻ വിഭവം. ഒറട്ടിയും നല്ല ബീഫും കോമ്പിനേഷൻ കിട്ടുന്ന ഒരു കിടിലൻ തട്ടുകട പരിചയപ്പെടാം. തിരുവനന്തപുരം കല്ലറയിലെ തുമ്പോടുള്ള സിദ്ദിഖിൻ്റെ തട്ടുകട. ഇവിടത്തെ ഒറട്ടിയും ബീഫും ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കേണ്ട വിഭവം തന്നെയാണ്. വരട്ടിയ ബീഫും അതിനൊപ്പം ഒറട്ടിയും ചേരുമ്പോൾ മറ്റിടങ്ങളിൽ നിന്നു പോലും ആളുകൾ ഈ കടയിലേക്ക് അന്വോഷിച്ചു എത്തും.
advertisement
കഴിഞ്ഞ നാല് വർഷമായി സിദ്ദീഖ് തട്ടുകട തുടങ്ങിയിട്ട്. മക്കളും ഒപ്പം കൂടിയതോടെ കട ഉഷാറായി. രാത്രിയും തുറന്നിരിക്കുന്നതിനാൽ പാഴ്സൽ വാങ്ങാനുള്ള ആളുകളുടെ തിരക്കായി. ഒറട്ടിയുടെയും ബീഫിൻ്റെയും രുചി മറ്റേടങ്ങളിലേക്ക് പറഞ്ഞ് പ്രചരിച്ചപ്പോൾ തട്ടുകടയുമായി തന്നെ മുന്നോട്ടു പോയി ജീവിതം പച്ച പിടിപ്പിക്കാം എന്ന് സിദ്ദീഖും തീരുമാനിച്ചു. പൊറോട്ട, ദോശ, ചിക്കൻപെരട്ടു, ചിക്കൻ കറി, തിരുവനന്തപുരം സ്റ്റൈൽ ചിക്കൻ ഫ്രൈ എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ട് ഈ തട്ടുകടയിൽ. അപ്പോൾ ഭക്ഷണ പ്രേമികളെ, നിങ്ങളെ കാത്തിരിക്കുകയാണ് സിദ്ദീഖും സിദ്ദീഖിൻ്റെ തട്ടുകടയും.